റോഡില്‍ കൂട്ടമായി പ്രാവുകള്‍ നില്‍ക്കുന്നത് കണ്ട ഒസാവ ദേഷ്യത്തില്‍ ആക്സിൽ കൂട്ടി അവയുടെ നേരെ കാറുമായി പാഞ്ഞടുക്കുകയായിരുന്നെന്ന് കുറ്റപത്രം
കാറിടിച്ച് പ്രാവ് ചത്ത കേസില്‍ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. ജപ്പാനിലെ ടോക്കിയോയിലാണ് സംഭവം. അറ്റ്സുഷി ഒസാവ എന്ന 50കാരനാണ് പ്രാവിനെ കൊലപ്പെടുത്തിയതിന്‍റെ പേരില്‍ നിയമപരമായ ശിക്ഷാനടപടികള്‍ നേരിടേണ്ടി വന്നത്. റോഡില്‍ കൂട്ടമായി പ്രാവുകള്‍ നില്‍ക്കുന്നത് കണ്ട ഒസാവ ദേഷ്യത്തില്‍ അവയുടെ നേരെ കാറുമായി പാഞ്ഞടുക്കുകയായിരുന്നു. കൂട്ടത്തില്‍ ഒരു പ്രാവിന്‍റെ ശരീരത്തില്‍ കാറിടിക്കുകയും തല്‍ക്ഷണം പ്രാവിന് ജീവന്‍ നഷ്ടമാകുകയും ചെയ്തു. വന്യജീവി സംരക്ഷണനിയമം ലംഘിക്കുകയും പ്രാവിനെ മനപ്പൂര്‍വ്വം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയും ചെയ്തെന്നാരോപിച്ചാണ് ടോക്കിയോ പൊലീസ് ഒസാവയ്ക്കെതിരെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവസമയത്ത് റോഡില്‍ സിഗ്നലിനായി കാത്തുനില്‍ക്കുകയായിരുന്നു ഒസാവ. മുന്നോട്ടുളള റോഡില്‍ പ്രാവുകള്‍ കൂട്ടമായി നില്‍ക്കുന്നത് കണ്ട ഒസാവ പച്ച സിഗ്നല്‍ ലഭിച്ചതോടെ 60 കിലോമീറ്റര്‍ സ്പീഡില്‍ പ്രാവുകള്‍ക്ക് നേരെ കാറുമായി പാഞ്ഞടുക്കുകയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അമിത വേഗത്തില്‍ പായുന്ന ഒസാവയുടെ കാറിന്‍റെ ശബ്ദം ശ്രദ്ധിച്ച ഒരു വഴിയാത്രക്കാരനാണ് സംഭവം കണ്ടതോടെ പൊലീസില്‍ വിവരം അറിയിച്ചത്.
സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രാവിന്‍റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയും മരണകാരണം ശരീരത്തിനേറ്റ ആഘാതമാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ 'റോഡ് മനുഷ്യനുളളതാണെന്നും പ്രാവുകള്‍ വഴിയില്‍ നിന്നും മാറിപ്പോകേണ്ടതായിരുന്നു' എന്നുമാണ് കേസില്‍ അറസ്റ്റിലായ ഒസാവയുടെ പ്രതികരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.