ഹൂതികൾ പിടിച്ചെടുത്തത് ഇന്ത്യയിലേക്കുള്ള കപ്പലല്ല അമേരിക്കൻ സൈന്യത്തിന്റെ പ്രസ്താവനയെ തള്ളി ഇന്ത്യൻ നേവി

 


ന്യൂഡൽഹി: ചെങ്കടലിൽ ഇന്ത്യൻ പതാകയേന്തിയ ചരക്ക് കപ്പൽ ഹൂതികളുടെ ഡ്രോൺ ആക്രമണത്തിന് ഇരയായെന്ന അമേരിക്കൻ സേനയുടെ പ്രസ്താവന തള്ളി ഇന്ത്യൻ നേവി. ആഫ്രിക്കൻ രാജ്യമായ ഗാബണി​ന്റെ പതാകയേന്തിയ ഇന്ധനക്കപ്പലായ എംവി സായ്ബാബയാണ് ആക്രമണത്തിന് ഇരയായതെന്ന് നേവി അറിയിച്ചു. ഈജിപ്തിൽനിന്ന് പുറപ്പെട്ട കപ്പലിൽ ഇന്ത്യക്കാരായ 25 ജീവനക്കാരുണ്ടെന്നും എല്ലാവരും സുരക്ഷിതരാണെന്നും നേവി അധികൃതർ വ്യക്തമാക്കി.

ഇന്ത്യൻ പതാകയേന്തി ക്രൂഡ് ഓയിലുമായി വന്ന കപ്പൽ ഹൂതികൾ ആക്രമിച്ചെന്ന് ഞായറാഴ്ച രാവിലെയാണ് യു.എസ് സേന അറിയിച്ചത്. എം.വി സായ്ബാബയെ കൂടാതെ നോർ​വെയുടെ പതാകയുള്ള എംവി ബ്ലാമനെൻ എന്ന കപ്പലിന് നേരെയും ആക്രമണമുണ്ടായി.

ആക്രമണത്തിന് ഇരയായ സായ്ബാബക്ക് കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. നോർവീജിയൻ കപ്പലിൽ മിസൈൽ പതിച്ചില്ലെന്നും ചെങ്കടലിൽ പട്രോളിങ് നടത്തുന്ന യുഎസ്എസ് ലബൂൺ കപ്പൽ മറ്റു ഡ്രോണുകളെ ചെറുത്തുതോൽപ്പിച്ചതായും യുഎസ് ​അറിയിച്ചു.

ഒക്ടോബർ 17ന് ശേഷം ഹൂതികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന 14ാമത്തെയും 15ാമത്തെയും ആക്രമണമാണിതെന്നും അമേരിക്കൻ സേന വ്യക്തമാക്കി. ഗസയിൽ ഇസ്രായേൽ തുടരുന്ന നരനായാട്ടിൽ പ്രതിഷേധിച്ചാണ് ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതികൾ ആക്രമണം ആരംഭിച്ചത്.