മാരുതി ഉൾപ്പടെയുള്ള പ്രമുഖ നിർമാതാക്കൾക്ക് പിന്നാലെ വാഹനങ്ങളുടെ വിലവർധിപ്പിച്ച് മഹീന്ദ്രയും. ഥാർ ഉൾപ്പടെയുള്ള എല്ലാ മോഡലുകൾക്കും വിലക്കയറ്റം ബാധകമാണ്. ഥാറിെൻറ ചില വേരിയൻറുകൾക്ക് ഒരു ലക്ഷത്തോളം രൂപ വർധിച്ചു. 2021 ജൂലൈ മുതലാകും വിലവർധന ബാധകമാവുക. ഈ വർഷത്തെ മൂന്നാമത്തെ വിലവർധനയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യത്തേത് ഫെബ്രുവരിയിലും രണ്ടാമത്തേത് മേയിലുമായിരുന്നു. പല മോഡലുകളുടേയും ആകെ വിലയിൽ രണ്ട് ശതമാനത്തോളം ഇപ്പോൾ വർധിച്ചിട്ടുണ്ട്.
ജൂലൈ 15 ന് ബൊലേറോ നിയോയും വരും മാസങ്ങളിൽ എക്സ്.യു.വി സെവൻ ഡബിൾ ഒയും പുറത്തിറക്കാനിരിക്കുകയാണ് കമ്പനി. വേരിയൻറിനെ ആശ്രയിച്ച് ഥാറിെൻറ വിലകൾ 32,000 മുതൽ 92,000 രൂപ വരെ ഉയർന്നിട്ടുണ്ട്. മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം ചൂടപ്പം പോലെ വിറ്റുപോകുന്ന വാഹനങ്ങളിൽ ഒന്നാണ് ഥാർ. പുറത്തിറക്കി മാസങ്ങൾക്കകം 50,000 ത്തിലധികം ബുക്കിങുകൾ ഥാറിന് ലഭിച്ചിരുന്നു. ചില വേരിയൻറുകൾക്കായി മാസങ്ങളുടെ കാത്തിരിപ്പ് കാലാവധിയും ഉണ്ട്. ബൊലേറോ, മരാസോ, സ്കോർപിയോ, എക്സ് യു വി 300 എന്നിവയുടെ വിലയിലും കാര്യമായ വർധവുണ്ടായി. ബൊലേറോയുടെ വില 22,452 മുതൽ 22,508 രൂപ വരെ ഉയർന്നിട്ടുണ്ട്.