കൊൽക്കത്ത: ഭാര്യയുടെ ഗർഭം അലസാതിരിക്കാൻ ഏഴുവയസുകാരിയെ ബലികൊടുത്ത യുവാവ് അറസ്റ്റിൽ. കൊൽക്കത്തയിലെ തിൽജാലയിലാണ് സംഭവം. അലോക് കുമാർ എന്നയാളാണ് അറസ്റ്റിലായത്. ആളൊഴിഞ്ഞ കെട്ടിടത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. അറസ്റ്റിലായ അലോക് കുമാറിന്റെ ഭാര്യക്ക് മൂന്ന് തവണ ഗർഭം അലസിയിരുന്നു. ഇതിനെ തുടർന്ന് ഇയാൾ വിഷാദത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. ഭാര്യ വീണ്ടും ഗർഭിണിയായപ്പോൾ ഇയാൾ മന്ത്രവാദിയുടെ നിർദേശങ്ങൾ അന്ധമായി വിശ്വസിക്കുകയായിരുന്നു. ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാനായി പെൺകുട്ടിയെ ബലി നൽകാൻ മന്ത്രവാദിയാണ് ഇയാൾക്ക് നിർദേശം നൽകിയത്.
ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് പറയുന്നു. അലോക് കുമാർ യഥാർത്ഥത്തിൽ ബീഹാർ സ്വദേശിയാണ്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം താമസിക്കുന്ന കെട്ടിടത്തിന് സമീപത്താണ് പ്രതിയും താമസിച്ചിരുന്നത്. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോ എന്നറിയാൻ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു