മകളുടെ മരണവാർത്ത പോലും വൈകിയാണ് അറിഞ്ഞത് മനസ് തളർന്ന് ശിഹാബുദ്ധീൻ ക്യാമ്പിലെ കൂട്ടികൾ നേരിട്ടത് കടുത്ത അവഗണന

 


നാഗ്പൂർ :ഭക്ഷ്യ വിഷബാധയേറ്റ് മകൾ മരിച്ച വിവരം തങ്ങളെ ആദ്യം അറിയിച്ചില്ലെന്ന് നിദയുടെ കുടുംബം അവിടെയെത്തിയ ശേഷം നിദ വീട്ടിലേക്ക് വിളിക്കുകയും വിശേഷങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച രാത്രി ആഹാരം കഴിക്കുന്ന വിഡിയോ ദൃശ്യങ്ങളും വീട്ടിലേക്ക് അയച്ചിരുന്നു. ഇന്നലെ രാവിലെയാണ് നിദ ആശുപത്രിയിലാണെന്ന് വീട്ടിൽ അറിയിച്ചത്. സൈക്കിൾ പോളോ അസോസിയേഷൻ ഭാരവാഹികൾ നാഗ്പുരിലേക്ക് പോകാനുള്ള ടിക്കറ്റുമായി വീട്ടിൽ എത്തുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ അപ്പോൾ അറിയിച്ചിരുന്നില്ല. പിന്നീടാണ് നിദ ആശുപത്രിയിൽ വച്ചു മരിച്ചെന്ന് അറിയിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

ദേശീയ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പുരിലെത്തിയ കേരള ടീം അംഗമായ നിദ ഭക്ഷ്യവിഷബാധയെത്തുടർന്നാണ് മരിച്ചത്. . ഏഴരപ്പീടിക പുറക്കാടൻ സുഹ്റ മൻസിലിൽ ഷിഹാബുദ്ദീന്റെയും അൻസിലയുടെയും മകളാണ്. ഡോക്ടറെ കാണാൻ താമസസ്ഥലത്തുനിന്ന് 100 മീറ്റർ മാത്രം ദൂരെയുള്ള ശ്രീകൃഷ്ണ ആശുപത്രിയിൽ കോച്ച് ജിതിനും ടീമിലെ മുതിർന്ന വനിതാ അംഗത്തിനും ഒപ്പം നടന്നെത്തിയ കുട്ടിയാണ് കുത്തിവയ്പിനു പിന്നാലെ കുഴഞ്ഞുവീണത്. ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.

മകൾ ആശുപത്രിയിലാണെന്നറിഞ്ഞു നാഗ്പുരിലേക്കു പുറപ്പെട്ട പിതാവ് ഷിഹാബുദ്ദീൻ വിമാനത്താവളത്തിൽ വച്ച് ടിവി വാർത്തയിലാണ് മകളുടെ മരണവിവരം അറിയുന്നത്. നീർക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂൾ വിദ്യാർഥിയാണ് നിദ. ഇതേ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് നബീൻ സഹോദരനാണ്. തിരുവനന്തപുരവും കൊച്ചിയും  കേന്ദ്രീകരിച്ചുള്ള കേരളത്തിലെ രണ്ട് സൈക്കിൾ പോളോ അസോസിയേഷനുകളിൽ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചാണ് നിദ നാഗ്പുരിലെത്തിയത്. 

കോടതിവിധി നേടി നാഗ്പുരിൽ എത്തിയ ഈ അസോസിയേഷന് ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ലാത്തതിനാൽ താമസവും ഭക്ഷണവും ഒരുക്കിയിരുന്നില്ല. ഭാരതീയ മസ്ദൂർ സംഘിന്റെ (ബിഎംഎസ്) ഓഫിസിലാണ് ഇവർ തങ്ങിയത്. സംഘത്തിലെ 29 പേരും പുറത്തുനിന്നു വരുത്തിയ ഒരേ ഭക്ഷണമാണ് കഴിച്ചതെന്നും നിദ ഒഴികെ ആർക്കും ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും കോച്ച് പറഞ്ഞു. ചികിത്സപ്പിഴവു സംശയിക്കാനുള്ള കാരണവും ഇതുതന്നെ.