ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി. പശ്ചിമ ജാവാ പ്രവശ്യയില്‍ നിന്നുണ്ടായ ഭൂചലനത്തില്‍ കനത്ത നാശനഷ്ടങ്ങളാണ് ഇന്തോനേഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിയാന്‍ജൂര്‍ മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പ്രദേശത്തെ നിരവധി വീടുകള്‍ക്കും ഇസ്ലാമിക് ബോര്‍ഡിംഗ് സ്‌കൂളിനും കേടുപാടുകള്‍ സംഭവിച്ചതായി ദേശീയ ദുരന്ത ഏജന്‍സി ഒരു പ്രസ്താവനയില്‍ പറഞ്ഞു. നാശനഷ്ടത്തിന്റെ മുഴുവന്‍ വ്യാപ്തിയും ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത് തുടരുകയാണ്
ഇന്തോനേഷ്യയിലെ ആകെ ജനസംഖ്യയുടെ 55 ശതമാനം പേരും താമസിക്കുന്ന ജാവ ദ്വീപിലാണ് വൻ ഭൂചലനം ഉണ്ടായത്. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി ജീവനുകൾ നഷ്ടമായി. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. മരിച്ചവരിൽ ഏറെയും വിദ്യാർഥികളാണെന്ന് പടിഞ്ഞാറൻ ജാവ ഗവർണർ റിദ്‌വാൻ കാമിൽ വ്യക്തമാക്കി. ഭൂചലനത്തില്‍ ഒട്ടേറെ കെട്ടിങ്ങളും വീടുകളും തകര്‍ന്നു വീണു. പതിനായിരത്തിലധികം പേര്‍ ഭവനരഹിതരായി.
തകർന്നുവീണ കെട്ടിടങ്ങൾക്കടിയിൽ നിരവധിപേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ പുറത്തെത്തിക്കാനിയി രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. മണ്ണിടിച്ചില്‍ കാരണം പലയിടത്തേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരും മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ ഭൂചലനത്തിന്‍റെ പശ്ചാത്തലത്തിൽ ഏഷ്യൻ രാജ്യങ്ങൾ സുനാമി ഭീഷണിയിലാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.