മലപ്പുറം:ഗിരിജക്ക് സ്വന്തക്കാരും ബന്ധുക്കളുമെല്ലാം നാട്ടുകാരാണ്. ചെറുപ്പത്തിൽ തന്നെ വലിയോറ മനാട്ടിപ്പറമ്പ് റോസ് മാനർ അഗതിമന്ദിരത്തിലെ അന്തേവാസിയായി ഗിരിജ (19) യെത്തിയത് മുതൽ നാട്ടുകാരാണ് ഇവരുടെ എല്ലാം. ഞായറാഴ്ചയായിരുന്നു കല്യാണം. എടയൂരിലെ ബാലന്റെ മകൻ രാകേഷാണ് മിന്ന് ചാർത്തിയത്. പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് അമ്മക്കും അനിയത്തിക്കൊപ്പം കഴിഞ്ഞ 10 വർഷമായി റോസ് മാനറലിലെ അന്തേവാസിയായി കഴിയുകയാണ് പാലക്കാട് സ്വദേശിയായ ഗിരിജ. വിവാഹ പ്രായമായതോടെ സ്ഥാപനം നിൽക്കുന്ന മനാട്ടി പറമ്പിലെ മുസ്ലിം ലീഗ് കമ്മിറ്റി മുന്നിട്ടിറങ്ങി നാട്ടുകാരുടെ സഹകരണത്തോടെ വിവാഹം അന്വേഷിച്ച് മംഗല്യ സ്വപ്നം പൂവണിയിക്കുകയായിരുന്നു. പലരുടെയും അകമൊഴിഞ്ഞ സഹകരണത്തോടെ അഞ്ച് പവൻ സ്വർണ്ണവും വിവാഹ വസ്ത്രങ്ങളും ഗിരിജക്ക് വിവാഹ സമ്മാനമായി ലഭിച്ചു.
സംഘാടകരാവട്ടെ അഞ്ഞൂറ് പേരെ വിളിച്ച് വരുത്തി പന്തലൊരുക്കി സദ്യയും നൽകി. പറമ്പിൽ പടി അമ്മാഞ്ചേരി കാവിലായിരുന്നു മിന്നുകെട്ട്. ക്ഷേത്രത്തിനു സമീപം തന്നെയാണ് വിവാഹ പന്തലും കെട്ടിയത്. വിവാഹകർമ്മത്തിന് എളമ്പുലക്കാട്ട് ആനന്ദൻ നമ്പൂതിരി നേതൃത്വം നൽകി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, ഇടി മുഹമ്മദ് ബഷീർ എം പി, പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ, ബ്ലോക്ക് പ്രസിഡന്റ് മണ്ണിൽ ബെൻസീറ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ പി ഉണ്ണികൃഷ്ണൻ , ടി പി എം ബഷീർ, ബ്ലോക്ക് അംഗം പറങ്ങോടത്ത് അസീസ്, വിവിധ രാഷ്ട്രിയപാർട്ടി പ്രതിനിധികളായ എം എം കുട്ടി മൗലവി, പി എ ചെറീത് , കെ രാധാകൃഷ്ണൻ , വ്യാപാരി വ്യവസായി നേതാക്കളായ പി അസീസ് ഹാജി, എം കെ സൈനുദ്ദീൻ, വേങ്ങര പോലീസ് സി ഐ പി കെ ഹനീഫ തുടങ്ങിയവർ ആശംസകളറിയിക്കാൻ വിവാഹ വേദിയിലെത്തി. ടി വി ഇഖ്ബാൽ, ഫത്താഹ് മുഴിക്കൽ , മങ്കട മുസ്തഫ, പറങ്ങോടത്ത് മൊയ്തീൻ, കെ സാദിഖ്, കെ മജീദ് , റോസ് മാനർ സൂപ്രണ്ട് ധന്യ കാടാമ്പുഴ തുടങ്ങിയവർ വിവാഹ സത്ക്കാരത്തിന് നേതൃത്വം നൽകി.