ന്യൂഡൽഹി: മുസ് ലിം വ്യക്തി നിയമപ്രകാരം പ്രായപൂർത്തിയായില്ലെങ്കിലും ഋതുമതിയായ പെൺകുട്ടിക്ക് വിവാഹിതയാകാമെന്ന് ഡൽഹി ഹൈകോടതി. ഇത്തരം വിവാഹത്തിന് രക്ഷിതാക്കളുടെ അനുമതി ആവശ്യമില്ല. വിവാഹ ശേഷം ഭർത്താവുമായി ഒരുമിച്ച് താമസിക്കുന്നതിന് പെൺകുട്ടിക്ക് തടസമില്ല. ഇത്തരം കേസിൽ ഭർത്താവിനെതിരെ പോക്സോ കേസ് എടുക്കാനാവില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. വിവാഹബന്ധം വേർപ്പെടുത്തുന്നതിൽ നിന്ന് സംരക്ഷണം തേടി ദമ്പതികൾ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ജസ്മീത് സിങ് നിർണായക വിധി പുറപ്പെടുവിച്ചത്.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ എതിർപ്പിന് വിരുദ്ധമായി മാർച്ച് 11ന് മുസ്ലിം ദമ്പതികൾ വിവാഹിതരായ സംഭവത്തിലാണ് ജസ്റ്റിസ് ജസ്മീത് സിങ്ങിന്‍റെ നിർണായക വിധി. പുരുഷന് 25 വയസ് ഉള്ളപ്പോൾ, പെൺകുട്ടിക്ക് അവരുടെ കുടുംബവും പൊലീസും പറയുന്നത് പ്രകാരം മാർച്ചിൽ 15 വയസ് പൂർത്തിയായിരുന്നു. എന്നാൽ, അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയ ആധാർ കാർഡ് പ്രകാരം പെൺകുട്ടിക്ക് 19 വയസിന് മുകളിലാണ് പ്രായം. മുസ് ലിം വ്യക്തി നിയമപ്രകാരം പ്രായപൂർത്തിയായ പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്നും 18 വയസിന് താഴെയുള്ളപ്പോൾ പോലും ഭർത്താവിനൊപ്പം താമസിക്കാൻ അവകാശമുണ്ടെന്നും ജസ്റ്റിസ് സിങ് ഉത്തരവിൽ പറയുന്നു.
പഞ്ചാബ്, ഹരിയാന ഹൈകോടതി പുറപ്പെടുവിച്ച മുൻ ഉത്തരവിൽ പരാമർശിച്ചിട്ടുള്ള സർ ദിൻഷ ഫർദുൻജി മുല്ലയുടെ 'പ്രിൻസിപ്പിൾസ് ഓഫ് മുഹമ്മദൻ ലോ' എന്ന പുസ്തകത്തെക്കുറിച്ചും വിധി ന്യായത്തിൽ ജസ്റ്റിസ് സിങ് വിശദീകരിച്ചിട്ടുണ്ട്. പെൺകുട്ടി വിവാഹത്തിന് മനഃപൂർവം സമ്മതം മൂളുകയും അതിൽ സന്തോഷവതിയാവുകയും ചെയ്താൽ, പെൺകുട്ടിയുടെ സ്വകാര്യതയിൽ കടന്നുകയറി ദമ്പതികളെ വേർപെടുത്താൻ ഭരണകൂടം ആരുമല്ല. ഇത് ചെയ്യുന്നത് ഭരണകൂടം സ്വകാര്യ ഇടം കൈയേറുന്നതിന് തുല്യമാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.