ഒന്നാം സമ്മാനം കിട്ടിയ ലോട്ടറിക്ക് കൂടുതൽ പണം വാഗ്ദാനം, ടിക്കറ്റ് സ്കാൻ ചെയ്യണമെന്ന് പറഞ്ഞ് തട്ടിയെടുത്തു മഞ്ചേരിയിൽ ആറംഗ സംഘം കസ്റ്റഡിയിൽ




News Desk

മലപ്പുറം: മഞ്ചേരിയിൽ ഒന്നാം സമ്മാനം കിട്ടിയ കേരള ഭാഗ്യക്കുറിയുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസിൽ  എട്ടുപേർ അറസ്റ്റിൽ. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി അലവിയുടെ  പരാതിയിലാണ്  മഞ്ചേരി പൊലീസിൻ്റെ നടപടി. അലനല്ലൂർ തിരുവിഴാംകുന്ന്  മൂജിപ്, പുൽപറ്റ കുന്നിക്കൽ പ്രഭാകരൻ, ശ്രീകൃഷ്ണപുരം സ്വദേശികളായ കല്ലുരിക്കൽ അബ്ദുൽ അസീസ്,  അബ്ദുൽ ഗഫൂർ,   കൊങ്ങശ്ശേരി വീട്ടിൽ അജിത് കുമാർ  , കലസിയിൽ വീട്ടിൽ പ്രിൻസ് ,  ചോലക്കുന്ന് വീട്ടിൽ ശ്രീക്കുട്ടൻ , പാലക്കാട് കരിമ്പുഴ സ്വദേശി മുബഷിർ എന്നിവരാണ് അറസ്റ്റിലായത്.

ഓഗസ്റ്റ് 19ന് ഫലം വന്ന കേരള ഭാഗ്യക്കുറിയുടെ നി‍ർമൽ ടിക്കറ്റിൻ്റെ ജേതാവാണ്  അലവി. കൂടുതൽ പണം നൽകാമെന്ന് പറഞ്ഞ് സ്വകാര്യ ബാങ്ക് ജീവനക്കാരെന്ന വ്യാജേനെ ഒരുസംഘം അലവിലെ സമീപിച്ചു. ടിക്കറ്റുമായി ഈ സംഘം കച്ചേരിപ്പടിയിലെത്താൻ ആവശ്യപ്പെട്ടു. അലവിയുടെ മകനും സുഹൃത്തുമാണ് കച്ചേരിപ്പിടിയിലേക്ക് പോയത്.  രണ്ടു കാറിലും ഒരു ബൈക്കിലുമായി വന്ന പ്രതികൾ ടിക്കറ്റ് സ്കാൻ  ചെയ്യാനാണെന്ന വ്യാജേനെ ഇരുവരേയും  വാഹനത്തിനകത്തേക്ക്കയറ്റി  മാരകമായി പരിക്കേൽപ്പിച്ചു. 


ശേഷം  സമ്മാനർഹമായ ടിക്കറ്റുമായി കടന്ന് കളഞ്ഞു. സംഭവം നടന്ന പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു ആദ്യ ഘട്ട അന്വേഷണം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നതും, പ്രതികൾ പിടിയിലായത്. കള്ളപ്പണം വെളുപ്പിക്കുന്നതിനെന്ന് പറഞ്ഞാണ് സംഘം ഭാഗ്യക്കുറി സമ്മാനാർഹരെ സമീപിക്കുന്നതും തട്ടിപ്പ് നടത്തുന്നതും. ഈ രീതിയിൽ തട്ടിപ്പ് നടത്തുന്നതാണ് ഇത്തരം സംഘത്തിന്റെ പതിവെന്ന്  മഞ്ചേരി പൊലീസ് വ്യക്തമാക്കുന്നു. ഇതേ സംഘം മുമ്പും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്