മധുര : ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന അഖില ഭാരത് ഹിന്ദു മഹാസഭയുടെ ഭീഷണിയെ തുടര്‍ന്ന് ജില്ലാ ഭരണകൂടം മഥുരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്തെ ശാന്തിയും സമാധാനവും നശിപ്പിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി.
കത്ര കേശവ് ദേവ് ക്ഷേത്രം, ഷാഹി ഈദ്ഗാഹ് എന്നീ ആരാധനാലയങ്ങളുടെയും പരിസര പ്രദേശങ്ങളുടെയും സുരക്ഷാകാര്യങ്ങള്‍ സീനിയര്‍ പൊലിസ് സൂപ്രണ്ട് ഗൗരവ് ഗ്രോവറുമായി ചേര്‍ന്ന് അവലോകനം ചെയ്തതായി നവനീത് സിങ് ചാഹല്‍ പറഞ്ഞു.
മസ്ജിദില്‍ വിഗ്രഹം സ്ഥാപിക്കാന്‍ മഹാസഭ അനുമതി തേടിയെന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. എന്നാല്‍, പ്രസ്തുത ആവശ്യം അംഗീകരിക്കില്ല. സമാധാനം തകര്‍ക്കാന്‍ സാധ്യതയുള്ള ഒരുപരിപാടിക്കും അനുമതി നല്‍കുന്ന പ്രശ്‌നമേയില്ലന്നും ചാഹല്‍ കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ ആറിന് ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്നായിരുന്നു ഭീഷണി. മഹാജലാഭിഷേകത്തിന് ശേഷം കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭ നേതാവ് രാജ്യശ്രീ ചൗധരിയാണ് പ്രഖ്യാപിച്ചത്. പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് വിശ്രം ഘട്ടില്‍ നിന്ന് ശ്രീകൃഷ്ണ ജന്മസ്ഥാനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് തീവ്ര ഹിന്ദുത്വ സംഘടനയായ നാരായണി സേനയും പ്രഖ്യാപിച്ചിരുന്നു.
മഥുരയിലെ കത്ര കേശവ് ദേവ് ക്ഷേത്രത്തിന് സമീപത്തുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ശ്രീകൃഷ്ണന്റെ ‘യഥാര്‍ത്ഥ ജന്മസ്ഥല’മെന്നാണ് ഹിന്ദു മഹാസഭയുടെ അവകാശവാദം. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ് ഈ പള്ളി. പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ പ്രാദേശിക കോടതികളെ സമീപിച്ചിരുന്നു. ഈ ഹരജികള്‍ കോടതി പരിഗണണനയിലിരിക്കെയാണ് പള്ളിയില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന ഭീഷണിയുമായി സംഘടന രംഗത്തുവന്നത്.
പള്ളിപൊളിക്കണമെന്നാവശ്യപ്പെട്ട നാരായണി സേനയുടെ സെക്രട്ടറി അമിത് മിശ്രയെ മഥുര കോട്‌വാലിയില്‍ കരുതല്‍ തടങ്കലിലാക്കിയതായി പൊലിസ് അറിയിച്ചു. നാരായണി സേന ദേശീയ പ്രസിഡന്റ് മനീഷ് യാദവിനെ ലക്‌നൗവില്‍ പൊലിസ് തടഞ്ഞിരിക്കുകയാണെന്ന് സംഘടന ഭാരവാഹികളും പറഞ്ഞു.