217 കിലോയില്‍ നിന്ന് 78 കിലോ ആയി ഭാരം കുറച്ചു; ഫിറ്റ്‌നസ് താരം ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ




News Desk

ശരീരഭാരം കുറച്ച് ലോകത്തിലെ ജനങ്ങള്‍ക്ക് മുഴുവന്‍ പ്രചോദനമായി മാറിയ ലെക്സ് റീഡിന്റെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ട്. ശരീരഭാരം അമിതമായി കുറഞ്ഞതാണ് ആരോഗ്യനില വഷളാകാന്‍ കാരണം. രണ്ട് വര്‍ഷത്തിനുള്ളില്‍ 141 കിലോ ഭാരമാണ് ലെക്സി കുറച്ചത്. ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമാവുകയായിരുന്നു. യുഎസിലെ ഇന്ത്യാനയില്‍ നിന്നുള്ള ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറാണ് ലെക്സി.

ആരോഗ്യനില അതീവഗുരുതരമായതിനെ തുടര്‍ന്ന് ലെക്സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ഡാനിയാണ് ഇക്കാര്യം അറിയിച്ചത്. ലെക്സിയുടെ അവസ്ഥ ഇന്‍സ്റ്റഗ്രാമിലൂടെ ഡാനി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ലെക്സിയുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ലെക്സിയ്ക്ക് ക്ഷീണവും ശരീര തളര്‍ച്ചയും അനുഭവപ്പെട്ടിരുന്നു. ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ലെന്നും ഡാനി പറയുന്നു.

ഇപ്പോള്‍ വെന്റിലേറ്ററിലാണ് ലെക്സി. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിയ്ക്കാനായതിനാലാണ് ജീവന്‍ രക്ഷിക്കാനായത്. ഇപ്പോള്‍ ഡയാലിസിസ് ചെയ്യുന്നുണ്ടെന്നും അതിനാല്‍ ലെക്സിയ്ക്ക് നടക്കാനാകില്ലെന്നും ഡാനി പറഞ്ഞു. തന്റെ ശരീര ഭാരം കുറയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്താണ് ലെക്സി വൈറലായത്. 31കാരിയായ ലെക്സിയ്ക്ക് 217 കിലോ ഭാരം ഉണ്ടായിരുന്നു. രണ്ട് വര്‍ഷത്തെ ശ്രമത്തില്‍ ഭാരം 78 കിലോയായി കുറച്ചിരുന്നു. ലെക്സിയുടെ ആരാധകരെല്ലാവരും അവരുടെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്