റിയാദ്: ഡിസംബർ മുതൽ സഊദിയിലെത്തുന്ന ഇന്ത്യക്കാർക്ക് 5 ദിവസ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധം. ഇന്ത്യയിൽ നിന്നുള്ള മുഴുവൻ ആളുകൾക്കും നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന പ്രഖ്യാപനത്തിലാണ് ചില വിഭാഗം ആളുകൾ ഒഴികെ മറ്റുള്ളവർ മുഴുവൻ അഞ്ചു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമാണെന്ന് വ്യക്തമാക്കിയത്. എന്നാൽ, സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ക്വാറന്റൈൻ ആവശ്യമില്ല. ഇന്ത്യയിൽ നിന്ന് വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും യാത്ര പോകാമെങ്കിലും അഞ്ചു ദിവസ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമായിരിക്കും. ഇത് സംബന്ധിച്ച് സിവിൽ എവിയേഷൻ അതോറിറ്റിയും സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ആഭ്യന്തര മന്ത്രാലയം ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. ഡിസംബർ ഒന്ന് മുതൽ എല്ലാ വിസക്കാർക്കും നേരിട്ട് അനുമതി നൽകും. ഇതോടെ, സാധാരണ പോലെ തന്നെ ഡിസംബർ മുതൽ സഊദിയിൽ പറന്നിറങ്ങാം. ബുധനാഴ്ച പുലർച്ചെ ഒരു മണി മുതലാണ് ഇന്ത്യയിൽനിന്ന് നേരിട്ട് വിമാന സർവീസിന് അനുമതിയുള്ളത്.
ചില രാജ്യങ്ങളിൽ പകർച്ചവ്യാധി വ്യാപനം നിയന്ത്രണ വിധേയമായതിനെയും കുറിച്ച് സഊദിയിലെ ആരോഗ്യ വകുപ്പുകൾ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള പ്രവേശന വിലക്ക് എടുത്തുകളഞ്ഞത്.
ഇന്ത്യയെ കൂടാതെ പാക്കിസ്ഥാൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നാണ് നേരിട്ട് അനുമതി നൽകിയത്. നേരത്തെ ഈ രാജ്യങ്ങളിൽ നിന്നുള്ളവരിൽ സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവരാണെങ്കിൽ സഊദിയിലേക്ക് പ്രവേശന വിലക്കില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം പൂർത്തിയാക്കിയ ശേഷമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. നേരിട്ട് പ്രവേശന അനുമതി നൽകിയതോടെ ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളും സന്ദർശക വിസയിൽ അടക്കം യാത്രക്കൊരുങ്ങിയിട്ടുണ്ട്.