ഇസ്രായേൽ ചാരസംഘടനയായ മൊസാദിൽ നിന്ന് ഫലസ്തീനിയൻ ഹാക്കറെ മോചിപ്പിച്ച് തുർക്കി

 



ഇസ്രായേൽ ചാരസംഘടനയായ മൊസാദിൽ നിന്ന് ഫലസ്തീനിയൻ ഹാക്കറെ മോചിപ്പിച്ച് തുർക്കി ദേശീയാന്വേഷണ ഏജൻസി എംഐടി. 2015ലും 2016ലും ഇസ്രായേലിന്റെ അയൺ ഡോം ഹാക്ക് ചെയ്ത് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ഒമർ എ എന്ന യുവ ഹാക്കറെയാണ് എംഐടി മോചിപ്പിച്ചത്. മലേഷ്യയിൽ അവധി ആഘോഷിക്കാനെത്തിയ ഒമറിനെ മൊസാദ് സംഘം പിടികൂടുകയായിരുന്നു.

അയൺ ഡോമിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി അൽ ഖസാം ബ്രിഗേഡിനെ സഹായിക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെ ഇസ്രായേലിന്റെ നോട്ടപ്പുള്ളിയായിരുന്നു ഒമർ. ഒമറിനെ കുടുക്കാനായി മൊസാദ് ഇയാൾക്ക് സോഫ്റ്റ്‌വെയർ കമ്പനികളിലടക്കം ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇസ്രായേലിന്റെ ഗൂഢലക്ഷ്യം മുന്നിൽ കണ്ടിരുന്നതിനാൽ ഒമർ ഇവയൊക്കെയും നിരസിക്കുകയാണുണ്ടായിരുന്നത്. 

ഗസ്സയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് കംപ്യൂട്ടർ പ്രോഗ്രാമിംഗിൽ ബിരുദം നേടിയ ഒമർ ഇസ്രായേലിന്റെ നീക്കങ്ങളെ തുടർന്ന് 2020ൽ തുർക്കിയിലേക്ക് കടന്നിരുന്നു. ഹാക്കർ ആയിരുന്നത് കൊണ്ടു തന്നെ ഒമറിന്റെ താമസത്തെ കുറിച്ച് എംഐടിക്കും അറിവുണ്ടായിരുന്നതായാണ് വിവരം.

ചോദ്യം ചെയ്യലിനെന്ന വ്യാജേന ഒമറിനെ തെൽ അവീവിലേക്ക് കടത്താൻ മൊസാദിന് പദ്ധതിയുണ്ടെന്നറിഞ്ഞ എംഐടി ഇതിനെക്കുറിച്ച് ഒമറിന് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. മുൻകരുതൽ എന്നോണം യുവാവിന്റെ ഫോണിൽ ഒരു ട്രാക്കിംഗ് സോഫ്റ്റ്‌വെയറും എംഐടി ഇൻസ്റ്റാൾ ചെയ്തു. എന്നാൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മലേഷ്യയിലെ ക്വാലാലംപൂരിൽ വെച്ച് ഒമറിനെ മൊസാദ് പിടികൂടി. അയൺ ഡോം ഹാക്ക് ചെയ്തിനെ കുറിച്ചും മറ്റുമുള്ള ചോദ്യം ചെയ്യലിന് പുറമെ ഇദ്ദേഹത്തെ ക്രൂരമായ പീഡനങ്ങൾക്കുമിരയാക്കിയതായാണ് റിപ്പോർട്ടുകൾ.

ഒമറിനെ കാണാതായതിന് പിന്നാലെ തന്നെ എംഐടി മലേഷ്യൻ അധികൃതരെ ബന്ധപ്പെടുകയും ഒമറിന്റെ ഫോണിലെ ട്രാക്കിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മൊസാദിന്റെ ഒളിസങ്കേതം കണ്ടെത്തുകയുമായിരുന്നു. സംഭവത്തിൽ 11പേരെ മലേഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ തുർക്കിയിൽ എംഐടിയുടെ സുരക്ഷിത കേന്ദ്രത്തിലാണ് യുവാവ്.