'രാജ്യത്ത് 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ല'; ഇന്ധന വിലവര്‍ധവ് നിഷേധിച്ച് യുപി മന്ത്രി




News Desk

രാജ്യം ഇന്ധന വിലവര്‍ദ്ധനവില്‍ നട്ടം തിരിയവെ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് യുവജനക്ഷേമകാര്യ മന്ത്രി ഉപേന്ദ്ര തിവാരി. രാജ്യത്ത് 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമായി വരുന്നില്ല. നാല് ചക്ര വാഹനമുള്ളവരാണ് പെട്രോള്‍ ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിലവര്‍ധനവിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇന്ധനവില വര്‍ധിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

കേന്ദ്രസര്‍ക്കാര്‍ കൊവിഡ് ബാധിച്ചവര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കി. 100 കോടി ഡോസ് വാക്സിന്‍ നല്‍കി. വിദ്യാഭ്യാസവും ചികിത്സയും മരുന്നുമടക്കമുള്ള എല്ലാം ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നുവെന്നും ഉപേന്ദ്ര തിവാരി പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യം നല്‍കുന്നതുകൊണ്ടാണോ വിലവര്‍ധനവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇന്ധന വില വര്‍ധിക്കുന്നില്ലെന്നുമാണ് മന്ത്രി മറുപടി നല്‍കിയത്. ആഗോള വിലവര്‍ധനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഇന്ധനവില വര്‍ധിക്കുന്നില്ലെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് തുര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധന വിലവര്‍ധനവില്‍ ആശങ്കയിലാണ് രാജ്യം. രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 100 രൂപ പിന്നിട്ടു. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 110 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്ധന വില വര്‍ധനവ് തടയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര ആവശ്യം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നരാകരിച്ചിരുന്നു. അന്താരാഷ്ട്രതലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് ഇന്ധന വില വര്‍ധനവിന് കാരണമായി പറയുന്നു.