2016ലെ റിയോ ഒളിമ്പിക്സിന്റെ കാലത്താണ് ബ്രസീലില്‍നിന്ന് സിക്ക വൈറസ് ബാധ ലോകമെമ്പാടും ഭീതിപരത്തിക്കൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കായികതാരങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാമെന്നും വിവിധ രാജ്യങ്ങളില്‍നിന്നെത്തുന്ന കായികതാരങ്ങളിലൂടെ രോഗം ലോകംമുഴുവന്‍ പരന്നേക്കാമെന്നും ഭയന്ന് ഒളിമ്പിക്സ് ബ്രസീലില്‍നിന്ന് മാറ്റുന്ന കാര്യവും ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. പിന്നീട് ഏറെ കര്‍ശനമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചാണ് ഭയത്തിന്റെ അന്തരീക്ഷത്തില്‍ ഒളിമ്പിക്സ് നടത്തിയത്. തുടര്‍ന്ന് ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗം പടര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
സിക്കബാധ ഇന്ത്യയിലും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍, ആരും ഇത് ഗൌരവമായി പരിഗണിച്ചില്ലെന്നുവേണം കരുതാന്‍. ഇന്ത്യയില്‍നിന്ന് സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ഈ രോഗത്തെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. സാമൂഹ്യശൃംഖലകള്‍വഴിയുള്ള അശാസ്ത്രീയ പ്രചാരണങ്ങളും നടന്നു. ഈ സാഹചര്യത്തിലാണ് സിക്ക വൈറസിനെ സംബന്ധിച്ച ശാസ്ത്രീയ വിവരങ്ങളടങ്ങിയ ദ സീക്രട്ട് ലൈഫ് ഓഫ് സിക്ക വൈറസ് എന്ന വിലപ്പെട്ട ഗ്രന്ഥം കല്‍പിഷ് രത്ന (The Secret life of Zika Virus: Kalpish Ratna: Tiger Books: 2017) രചിച്ചത്. സിക്ക വൈറസിനെപ്പറ്റി അറിയേണ്ടുന്ന എല്ലാ വിവരങ്ങളുമടങ്ങിയിട്ടുള്ള ഈ പുസ്തകം പോപ്പുലര്‍ ശാസ്ത്രസാഹിത്യത്തിന് കനപ്പെട്ട മുതല്‍ക്കൂട്ടുകൂടിയാണ്. സിക്ക വൈറസിന്റെ ഉത്ഭവം, വ്യാപനരീതി, രോഗപ്രതിരോധത്തിനായിട്ടുള്ള ഔഷധം വികസിപ്പിച്ചെടുക്കുന്നതിനായി നടന്നുവരുന്ന ഗവേഷണം തുടങ്ങി സിക്കവൈറസിനെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും വിശദമായി പുസ്തകത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ഫ്ലാവി വിറിഡേ (Flaviviridae) എന്ന വൈറസ് കുടുംബത്തിലെ ഒരംഗമാണ് സിക്ക വൈറസ്. ഈഡിസ് വിഭാഗത്തില്‍ പെട്ട ഈഡിസ് ഈജിപ്തൈ, ഈഡിസ് ആല്‍ ബോപിക്റ്റസ് എന്നീ കൊതുകുകളാണ് സിക്ക വൈറസ് വാഹകര്‍.
1947ല്‍ ഉഗാണ്ടയില്‍ സിക്കകാടുകളില്‍നിന്നാണ് സിക്ക വൈറസ് ആദ്യമായി കണ്ടെത്തിയത്. വൈറസിന് സിക്ക എന്ന പേര് ലഭിച്ചത് അതുകൊണ്ടാണ്. കുരങ്ങന്മാരില്‍ കൊതുക് പരത്തുന്ന ഒന്നായിരുന്നു ആദ്യകാലത്ത് സിക്ക രോഗം. പിന്നീടാണ് മനുഷ്യരിലേക്കും രോഗം വ്യാപിച്ചത്. 1950കള്‍വരെ ചില ആഫ്രിക്കന്‍- ഏഷ്യന്‍ രാജ്യങ്ങളില്‍ അപൂര്‍വമായി സിക്ക രോഗബാധ കണ്ടിരുന്നു. 2007-16 കാലത്താണ് ബ്രസീല്‍ അടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്ക് രോഗം വലിയതോതില്‍ വ്യാപിച്ചത്. ഡെങ്കിപ്പനി, ജാപ്പനീസ് മസ്തിഷ്കജ്വരം, മഞ്ഞപ്പനി, വെസ്റ്റ് നൈല്‍ രോഗം തുടങ്ങിയ വൈറസ് രോഗങ്ങളോട് രോഗലക്ഷണങ്ങളിലും മറ്റും സിക്ക വൈറസ് രോഗത്തിനു സാമ്യമുണ്ട്. തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, തൊലിയില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ് തുടങ്ങിയ ലക്ഷണങ്ങളാണ് സിക്ക വൈറസ് ബാധയിലും പ്രത്യക്ഷപ്പെടാറുള്ളത്. കൊതുകുകടിക്കു പുറമെ രക്തദാനത്തിലൂടെയും ലൈംഗികബന്ധത്തിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ട്. അര്‍ജന്റീന, ചിലി, ഫ്രാന്‍സ്, ഇറ്റലി, ന്യൂസിലന്‍ഡ്, അമേരിക്ക എന്നീ ആറുരാജ്യങ്ങളില്‍നിന്ന് ലൈംഗികബന്ധത്തിലൂടെ രോഗം പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2015ല്‍ ബ്രസീലില്‍ രക്തദാനത്തിലൂടെ രണ്ടുപേരിലേക്ക് രോഗം പകര്‍ന്നതായി കണ്ടെത്തി.
സിക്ക സ്വയംനിയന്ത്രിതമായ വൈറസ് രോഗമാണ് എങ്കിലും ഗുരുതരമായ പല പ്രത്യാഘാതങ്ങളും അതുകൊണ്ടുണ്ടാകാം. ഗര്‍ഭിണികളെ രോഗം ബാധിച്ചാല്‍ ഗര്‍ഭസ്ഥശിശുക്കളില്‍ ഗുരുതരമായ ജന്മവൈകല്യം ഉണ്ടാക്കാനിടയുണ്ട് എന്നതാണ് സിക്ക രോഗത്തെ ഭീതിജനിപ്പിക്കുന്ന ഒന്നായി മാറ്റുന്നത്. ഗര്‍ഭസ്ഥശിശുവിന്റെ തല അസാമാന്യമായ രീതിയില്‍ ചുരുങ്ങുകയും (Microcephaly) നാഡീവ്യൂഹത്തിന് തകരാര്‍ സംഭവിക്കുകയും ചെയ്യുന്നതിനും പുറമെ മറ്റ് ജനിതകവൈകല്യങ്ങള്‍ക്കും കാരണമാകും. കൈകാലുകള്‍ തളര്‍ന്ന് പോകുന്ന സുഷുമ്നാനാഡിയെ ബാധിക്കുന്ന ഗില്ലന്‍ ബാരി സിന്‍ഡ്രോം (Guillain–Barré Syndrome) സിക്ക വൈറസ് ബാധയുടെ പ്രത്യാഘാതമായി അപൂര്‍വമായി കണ്ടുവരുന്നുണ്ട്. സിക്കരോഗത്തിന് പ്രത്യേകിച്ച് ചികിത്സയൊന്നും നിര്‍ദേശിക്കേണ്ടതായിട്ടില്ല. ഗുരുതരാവസ്ഥ ഉണ്ടാകാതിരിക്കാന്‍ പനി കുറയ്ക്കുന്നതിനുള്ള മരുന്നും ആവശ്യാനുസരണം ലായനികളും വിശ്രമവുമാണ് രോഗികള്‍ സ്വീകരിക്കേണ്ട കരുതല്‍ നടപടികള്‍.
ലക്ഷണങ്ങള്‍
നേരിയ പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന ഇത്യാദി ആണെങ്കിലും 80 ശതമാനത്തോളം രോഗികളില്‍ ശ്രദ്ധേയമായ ലക്ഷണങ്ങള്‍ ഉണ്ടാവാറുപോലുമില്ല. ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ വേണ്ടിവരാറില്ല, മരണസാധ്യത തീരെയില്ല. വിശ്രമവും ശരിയായ ഭക്ഷണവും പാനീയങ്ങളും ഒക്കെ മതിയാവും രോഗശമനത്തിന്. ആവശ്യമെങ്കില്‍ പനിക്കും വേദനയ്ക്കും മരുന്നുകളും കഴിക്കാവുന്നതാണ്. എന്നാല്‍ ഈ രോഗത്തെക്കുറിച്ച് ആശങ്കകള്‍ ഉണ്ടാവാനുള്ള കാരണം ഗര്‍ഭിണിയായ സ്ത്രീയില്‍ ഈ രോഗബാധ ഉണ്ടായാല്‍ നവജാതശിശുവിന് ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാവുമെന്നതാണ്.
അതില്‍ പ്രധാനമാണ് മൈക്രോസെഫാലി (Microcephaly) എന്ന രോഗാവസ്ഥ. തലയുടെ വലുപ്പം കുറയുകയും, തലച്ചോറിന്റെ വളര്‍ച്ച ശുഷ്കമാവുകയും ചെയ്യുന്ന അവസ്ഥയാണിത്. ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്ന നാഡീവ്യവസ്ഥയെ ബാധിക്കുന്ന തളര്‍ച്ചയും ഈ രോഗബാധയുടെ പരിണതഫലമായി ഉണ്ടാവുന്നതായി സംശയിക്കപ്പെടുന്നുണ്ട്. ബ്രസീലില്‍ പകര്‍ച്ചവ്യാധി ഉണ്ടായതിന്റെ തുടര്‍ച്ചയായി മൈക്രോസെഫാലി ബാധിച്ച കുട്ടികള്‍ ജനിക്കുന്നതിന്റെ തോത് ക്രമാതീതമായി ഉയരുന്നതായി കണ്ടെത്തി. 2014ല്‍ 150 മൈക്രോസെഫാലി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2015 ആയപ്പോഴേക്കും കേസുകള്‍ 3893 ആയി (20 മടങ്ങോളം) ഉയര്‍ന്നു.
രോഗബാധ കണ്ടെത്തുന്നത് എങ്ങിനെ?
രോഗബാധിതന്റെ കോശങ്ങള്‍, രക്തം എന്നിവയില്‍ വൈറസ് ബാധയുടെ തെളിവു കണ്ടെത്താം. എന്നാല്‍ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനമുള്ള ലാബുകള്‍ ചുരുക്കമാണ്.
പ്രതിരോധം എങ്ങിനെ?
നിലവില്‍ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.
കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. പകല്‍ സമയത്തും വൈകുന്നേരവും കൊതുക് കടിയില്‍ നിന്ന് സംരക്ഷണം നേടുക എന്നത് വളരെ പ്രധാനമാണ്. ഗര്‍ഭിണികള്‍, ഗര്‍ഭത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കൊതുകു കടിയില്‍ നിന്നും വ്യക്തിഗത സംരക്ഷണം നേടണം. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കില്‍ കൊതുക് വലയ്ക്ക് കീഴില്‍ ഉറങ്ങണം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കാണം.