മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സഈദിന് 31 വർഷം തടവ് ശിക്ഷ വിധിച്ച് പാക്കിസ്ഥാൻ കോടതി




News Desk

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സഈദിന് 31 വർഷത്തെ തടവ് ശിക്ഷ വിധിച്ച് പാക് കോടതി. പാകിസ്താനിലെ ഭീകരവാദ വിരുദ്ധ കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. ഹാഫിസിന്റെ എല്ലാ സ്വത്തുക്കളും മരവിപ്പാക്കാനും, 3,40,000 രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. ഭീകരവാദ വിരുദ്ധ കോടതി ജഡ്ജി ഇജാസ് അഹമ്മദ് ഭുട്ടര്‍ ആണ് ശിക്ഷ വിധിച്ചത്.

ഹാഫിസ് സയീദ് നിർമ്മിച്ചതായി പറയപ്പെടുന്ന ഒരു പള്ളിയും മദ്രസയും ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. തീവ്രവാദ സംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെ സ്ഥാപകനും ജമാഅത്തു ദവയുടെ അധ്യക്ഷനുമാണ് ഹാഫിസ് സഈദ്. 70 കാരനായ ഹാഫിസ് സയീദ് 2020-ൽ നിരവധി ഭീകരവാദ പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകിയ കേസുകളിൽ 15 വർഷം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

2019ൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ യുഎസ് സന്ദർശനത്തിന് മുന്നോടിയാണ് ഹാഫിസ് സഈദിനെ അറസ്റ്റ് ചെയ്തത്. ഭീകരവാദ കോടതി മുന്‍പാകെ ഹാജരാകാന്‍ ലാഹോറില്‍നിന്ന് ഗുജ്‌രാന്‍വാലയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് പഞ്ചാബ് പോലീസിന്റെ കൗണ്ടര്‍ ടെററിസം ഡിപ്പാര്‍ട്‌മെന്റാണ് ഹാഫിസിനെ പിടികൂടിയത്. പത്ത് വർഷത്തെ തിരച്ചിലിനൊടുവിലാണ് സഈദിനെ കസ്റ്റഡിയിലെടുത്തതെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്ന് ട്വീറ്റ് ചെയ്തിരുന്നു.

2001ൽ ഹാഫിസ് സഈദിനെ എട്ടു തവണ അറസ്റ്റ് ചെയ്ത് വിട്ടയച്ചതെന്ന് യു എസ് വിദേശകാര്യ കമ്മിറ്റി പറഞ്ഞു. 2008 നവംബർ 26നാണ് 166 ആളുകളുടെ മരണത്തിന് കാരണമായ മുംബൈ ബോംബാക്രമണം ഉണ്ടായത്. പഞ്ചാബ് പൊലീസിന്റെ കൗണ്ടര്‍ ടെററിസം ഡിപ്പാര്‍ട്‌മെന്റ് രജിസ്റ്റര്‍ ചെയ്ത 21/ 19, 90/ 21 കേസുകളിലാണ് സഈദ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ആദ്യത്തേതിന് 15.5 കൊല്ലവും രണ്ടാമത്തേതിന് 16.5 കൊല്ലവുമാണ് ശിക്ഷ.