ത്രിപുരയില്‍ സിപിഐഎമ്മും കോണ്‍ഗ്രസും ഒരുമിച്ചു; ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പരാജയം


അഗര്‍ത്തല: സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികളായ സിപിഐഎമ്മും കോണ്‍ഗ്രസും ഒരുമിച്ചതോടെ ത്രിപുര ബാര്‍ അസോസിയേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി പാനലിന് പരാജയം. 15ല്‍ 10 സ്ഥാനങ്ങളിലും ബിജെപി പരാജയപ്പെട്ടു.

സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ ഫോറം എന്ന പേരിലാണ് സിപിഐഎമ്മും കോണ്‍ഗ്രസും ഒരുമിച്ചത്. സെക്രട്ടറി, പ്രസിഡന്റ് എന്നീ പ്രധാനപ്പെട്ട സ്ഥാനങ്ങളിലേക്ക് ഫോറം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

വൈസ് പ്രസിഡന്റ്, അസിസ്റ്റന്റ് സെക്രട്ടറി, മറ്റ് മൂന്ന് സ്ഥാനങ്ങള്‍ മാത്രമാണ് ബിജെപി സഖ്യത്തിന് ലഭിച്ചത്. നാല് സംസ്ഥാനങ്ങളിലെ വിജയത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് വിജയാഹ്ലാദ പ്രകടനം നടന്നുവരവേയാണ് ബാര്‍ അസോസിയേഷനിലെ തോല്‍വി.

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിയമമന്ത്രി രത്തന്‍ ലാല്‍ നാഥിനെതിരെ ബിജെപി അനുഭാവികള്‍ക്കിടയില്‍ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. ശരിയായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താത്ത നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധ വോട്ടുകളാണ് ബിജെപിയുടെ പരാജയത്തിനിടയാക്കിയതെന്നാണ് ബിജെപി അനുകൂല അഭിഭാഷകരുടെ പ്രതികരണം.