കാണാതായ ബാഗ് 30 വർഷത്തിന് ശേഷം തിരിച്ചെത്തി വിശ്വസിക്കാനാവാതെ ഉടമ

 



30 വർഷം മുമ്പ് തന്റെ കയ്യിൽ നിന്നും മോഷ്ടിച്ചു കൊണ്ടുപോയ ബാ​ഗ് ഇപ്പോൾ തിരികെ കിട്ടിയതിന്റെ അതിശയത്തിലാണ് 81 വയസ്സുള്ള ഓഡ്രി ഹേ എന്ന സ്ത്രീ. ന​ഗരത്തിൽ അവർ ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നുമാണ് അവരുടെ ബാ​ഗ് വളരെ വർഷങ്ങൾക്ക് മുമ്പ് മോഷണം പോയത്. എന്നാൽ, ഇത്രയും വർഷത്തിന് ശേഷം അതൊരു നദീതീരത്ത് വന്നടിയുകയായിരുന്നു. 

ബാ​ഗിലുണ്ടായിരുന്ന £200 എടുത്ത ശേഷം കള്ളൻ ബാ​ഗ് ഡോൺ നദിയിലേക്ക് വലിച്ചെറിഞ്ഞതാകാം എന്നാണ് കരുതുന്നത്. പതിനൊന്നുകാരിയായ മൈസി കൗട്ട്‌സിന്റെ കയ്യിലാണ് ബാ​ഗ് എത്തിപ്പെട്ടത്. ചൊവ്വാഴ്ച മാതാപിതാക്കളോടൊപ്പം ഡോണിന്റെ തീരത്ത് കൂടി നടക്കുകയായിരുന്നു അവൾ. അപ്പോഴാണ് വിവിധ വസ്തുക്കൾ അടങ്ങിയ ബാ​ഗ് അവളുടെ ശ്രദ്ധയിൽ പെടുന്നത്. 

ബാ​ഗിന്റെ ഉള്ളിൽ പേന, നാണയങ്ങൾ, ലിപ്സ്റ്റിക്, കമ്മലുകൾ, താക്കോൽ, ടാബ്‌ലെറ്റുകൾ, വിവിധ കാർഡുകൾ എന്നിവയാണ് കണ്ടെത്തുമ്പോൾ ഉണ്ടായിരുന്നത്. 'താനും അമ്മയും അച്ഛനും വളർത്തുനായയ്ക്കൊപ്പം നടക്കുകയായിരുന്നു. അപ്പോഴാണ് ആ ബാ​ഗ് കണ്ടത്. അമ്മയോട് അമ്മയ്ക്ക് പുതിയൊരു ഹാൻഡ്‍ബാ​ഗ് വേണോ എന്ന് താൻ തമാശയ്ക്ക് ചോദിച്ചിരുന്നു. പിന്നീട്, അതിലെന്തെങ്കിലും കാണും എന്ന് തോന്നിയാണ് അത് എടുത്തതും നോക്കിയതും. അങ്ങനെ തുറന്ന് നോക്കിയപ്പോൾ അതിൽ പല വസ്തുക്കളും കണ്ടു. ഒപ്പം കാർഡുകളും ഉണ്ടായിരുന്നു. അപ്പോഴാണ് ഇത് ആരുടേതാണ്. ഇതിന്റെ ഉടമ മരിച്ചതാകുമോ എന്നെല്ലാം ചിന്തിക്കുന്നത്' എന്ന് മൈസി പറയുന്നു. 


ഓഡ്രി ഹേയുടെ പേരും അതിലുണ്ടായിരുന്നു. അതിനെ ചുറ്റിപ്പറ്റി അല്ലറച്ചില്ലറ അന്വേഷണമൊക്കെ മൈസി നടത്തി. പിന്നീട് അവർ ബാ​ഗിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അവസാനം അവർക്ക് ഓഡ്രിയെ കണ്ടെത്താനായി. അത് 30 വർഷം മുമ്പ് നഷ്ടപ്പെട്ട തന്റെ ബാ​ഗാണ് എന്ന് അവർ സ്ഥിരീകരിച്ചു. ആ നിമിഷം ഓഡ്രിക്ക് മറക്കാനാവില്ല. ഒരിക്കലും ആ ബാ​ഗ് തിരികെ കിട്ടും എന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല. 'എല്ലാം സോഷ്യൽ മീഡിയയുടെ ശക്തി' എന്നാണ് ഓഡ്രി പറയുന്നത്. ഒപ്പം മൈസിക്ക് നന്ദി പറയാനും അവർ മറന്നില്ല. 

ബാ​ഗ് കണ്ടെത്തിയതിലും അത് ഉടമയെ കണ്ടെത്തി അവരെ ഏൽപ്പിക്കാനായതിലും വളരെ ഹാപ്പിയാണ് മൈസിയും.