എനിക്കും കുടുംബത്തിനും ഈ രാജ്യം തരുന്ന സുരക്ഷാ കവചത്തില്‍ ഉള്ള വിശ്വാസംമുണ്ട്‌ അങ്ങനെ ഒരു രാജ്യത്ത് ജോലി ചെയ്യുന്ന നഴ്‌സുമാരെ ആണ് ഇത്രയും വൃത്തികെട്ട പരാമര്‍ശം നടത്തി അപമാനിച്ചത്




News Desk

ദോഹ :ഗള്‍ഫിലേക്ക് തൊഴില്‍ തേടിപോകുന്ന നഴ്‌സുമാര്‍ തീവ്രവാദികളുടെ ലൈംഗിക സേവക്കു പോകുകയാണെന്ന ആരോപണം ഉന്നയിച്ച പ്രവാസി യുവാവ് ദുര്‍ഗാദാസിന് ഖത്തറിലെ നഴ്‌സിംഗ് സംഘടനയുടെ ഭാരവാഹിയായ സ്മിത ദീപുവിന്റെ മറുപടി. 
ഇന്ന് ഇന്ത്യ എന്ന പെറ്റമ്മയേക്കാള്‍ ഒരുപിടി സ്‌നേഹം കൂടതല്‍ എനിക്ക് ഖത്തര്‍ എന്ന പോറ്റമ്മയോടാണ്. അത് ഈ നാട് എനിക്കും കുടുംബത്തിനും തരുന്ന സുരക്ഷാ കവചത്തില്‍ ഉള്ള വിശ്വാസം കൊണ്ടാണ്. അങ്ങനെ ഒരു രാജ്യത്ത് ജോലി ചെയ്യുന്ന നഴ്‌സുമാരെ ആണ് ഇത്രയും വൃത്തികെട്ട പരാമര്‍ശം നടത്തി താങ്കള്‍ അപമാനിച്ചിരിക്കുന്നത്. ഒരു ശതമാനം പോലും ക്ഷമിക്കാന്‍ സാധിക്കില്ല.
അത്രയും വൃത്തികെട്ട മനസാണ് താങ്കള്‍ക്ക്. താങ്കള്‍ എന്താണ് വിചാരിച്ചത്? ആര്‍ക്കും കേറി മേയാന്‍ പറ്റിയ ഒരു സമൂഹം ആണ് നഴ്‌സിംഗ് മേഖല എന്നാണോ?
ഞങ്ങളുടെ മുന്‍പില്‍ ഒരിറ്റ് വെള്ളത്തിനു വേണ്ടി ദാഹിക്കേണ്ട അവസ്ഥ താങ്കള്‍ക്ക് ഉണ്ടാകാതെ ഇരിക്കട്ടെ. പക്ഷെ ഒന്നോര്‍ക്കുക അന്നും ഞങ്ങള്‍ നിറമനസോടെ വെള്ളം ഇറ്റിച്ചു തരും താങ്കളുടെ ചുണ്ടുകളിലേക്ക്. കാരണം ഞങ്ങള്‍ നഴ്‌സിംഗ് എന്ന ജോലിയോട് പൂര്‍ണമായും കൂറ് പുലര്‍ത്തുന്നവരാണ്. 
ഇത്രയും വലിയ മഹാമാരി ലോകത്തെ കുലുക്കിയിട്ടും നിങ്ങളെ പോലുള്ള വിഷ ജന്തുക്കള്‍ ഇനിയും ഉണ്ടല്ലോ എന്നതിലാണ് അത്ഭുതമെന്നും ദീപുവിന്റെ കുറിപ്പിലുണ്ട്.
തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തിലായിരുന്നു ദുര്‍ഗാദാസിന്റെ വിദേഷ പരാമര്‍ശം.

സ്മിത ദീപുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്

ദുര്‍ഗദാസേ…ഖത്തറിലെ ഒരു അംഗീകൃത നഴ്‌സിംഗ് സംഘടനയുടെ ഭാരവാഹിയാണ് ഞാന്‍. ഈ രാജ്യത്തെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ട് സമൂഹത്തില്‍ ഇറങ്ങി ചെന്ന ഒരു നഴ്‌സിംഗ് സംഘടനയുടെ ഭാരവാഹി.

12 വര്‍ഷം ആയി ഖത്തര്‍ എന്നാ മഹാരാജ്യത്ത് നഴ്‌സിംഗ് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. അതും ഇന്ത്യയിലെ അംഗീകൃത നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ കൂടി. ഇന്ന് ഇന്ത്യ എന്ന പെറ്റമ്മയേക്കാള്‍ ഒരുപിടി സ്‌നേഹം കൂടതല്‍ എനിക്ക് ഖത്തര്‍ എന്ന എന്റെ പോറ്റമ്മയോടാണ്. അത് ഈ നാട് എനിക്കും എന്റെ കുടുംബത്തിനും തരുന്ന സുരക്ഷ കവചത്തില്‍ ഉള്ള വിശ്വാസം കൊണ്ടാണ്. നഴ്‌സിംഗ് സമൂഹത്തിനു ഈ രാജ്യം തരുന്ന ബഹുമാനം കൊണ്ടാണ്. അവര്‍ തരുന്ന കരുതലില്‍ ഞങ്ങള്‍ സുരക്ഷിതര്‍ ആണ് എന്നുറപ്പ് ഉള്ളത് കൊണ്ടാണ്.

അങ്ങനെ ഉള്ള ഒരു രാജ്യത്ത് ജോലി ചെയ്യുന്ന ഒരു സമൂഹത്തെ ആണ് ഇത്രയും വൃത്തികെട്ട പരാമര്‍ശം നടത്തി താങ്കള്‍ അപമാനിച്ചേക്കുന്നത്. ഒരു ശതമാനം പോലും ക്ഷമിക്കാന്‍ സാധിക്കില്ല.
അത്രയും വൃത്തികെട്ട മനസാണ് താങ്കള്‍ക്ക്. താങ്കള്‍ എന്താണ് വിചാരിച്ചത്? ആര്‍ക്കും കേറി മേയാന്‍ പറ്റിയ ഒരു സമൂഹം ആണ് നഴ്‌സിംഗ് മേഖല എന്നാണോ?
എന്തും വിളിച്ചു പറഞ്ഞു അപമാനിക്കാന്‍ കഴിയും എന്നാണോ താങ്കള്‍ വിചാരിച്ചിരിക്കുന്നത്?
വിവിധ ജാതിയിലും മതത്തിലും രാഷ്ട്രീയത്തിലും വിശ്വസിക്കുന്ന ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള ഒരാള്‍ ആണ്.
ഞങ്ങള്‍ക്ക് ഒരു ലക്ഷ്യമേ ഉള്ളൂ. ഞങ്ങളുടെ മുന്‍പില്‍ വരുന്ന ജീവന്‍ രക്ഷിക്കുക, സമൂഹത്തിനു വേണ്ടി ഞങ്ങളാല്‍ കഴിയുന്ന നന്മകള്‍ ചെയ്യുക, അതാണ് ഞങ്ങളുടെ കര്‍ത്തവ്യം. ഒരു രോഗി ബോധം നശിച്ചു മുന്‍പില്‍ വരുമ്പോള്‍, മൂക്കു ചുളിക്കാതെ, കണ്ണ് മിഴിക്കാതെ അവരുടെ വിസര്‍ജ്യങ്ങള്‍ അളന്നു കുറിച്ച്, അവരുടെ സ്രവങ്ങള്‍ വൃത്തിയാക്കി പരിചരിക്കുന്ന, അവരുടെ ജീവന് കാവല്‍ നില്‍ക്കുന്ന, പവിത്രമായ ഒരു ജോലിയെയാണ് താങ്കള്‍ അപമാനിച്ചിരിക്കുന്നത്.
ഇതാണോ താങ്കളുടെ സാമൂഹ്യ പ്രതിബദ്ധത?
ഇതിനു താങ്കള്‍ മറുപടി പറഞ്ഞേപറ്റൂ.
ഞങ്ങളുടെ മുന്‍പില്‍ ഒരിറ്റ് വെള്ളത്തിനു വേണ്ടി ദാഹിക്കേണ്ട അവസ്ഥ താങ്കള്‍ക്ക് ഉണ്ടാകാതെ ഇരിക്കട്ടെ. പക്ഷെ ഒന്നോര്‍ക്കുക അന്നും ഞങ്ങള്‍ നിറമനസോടെ വെള്ളം ഇറ്റിച്ചു തരും താങ്കളുടെ ചുണ്ടുകളിലേക്ക്. കാരണം ഞങ്ങള്‍ നഴ്‌സിംഗ് എന്ന ജോലിയോട് പൂര്‍ണമായും കൂറ് പുലര്‍ത്തുന്നവര്‍ ആണ്. സര്‍വിസ് ആണ് ഞങ്ങളുടെ പ്രൊഫഷന്‍. ഇത്രയും വലിയ മഹാമാരി വന്നു ലോകം മൊത്തം കുലുക്കിയിട്ടും നിങ്ങളെ പോലുള്ള വിഷ ജന്തുക്കള്‍ ഇനിയും. ഉണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ആണ് അത്ഭുതം.