പ്രായമല്ല എന്റെ വിരമിക്കല്‍ നിര്‍ണയിക്കുക, മെസ്സി



 പ്രായം 36ലേക്ക് എത്തി. എന്നാല്‍ 2026 ലോകകപ്പ് കളിക്കാന്‍ മെസി ഉണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം. എത്രനാള്‍ കൂടി ലോകത്തെ ആനന്ദിപ്പിച്ച് പന്തുതട്ടാനുണ്ടാവും എന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് മെസി ഇപ്പോള്‍. പ്രായമല്ല എന്റെ വിരമിക്കല്‍ നിര്‍ണയിക്കുക, മെസി ഉറപ്പിച്ച് പറയുന്നു. 

നന്നായി കളിക്കാനാവാതെ വരുന്ന നിമിഷം എനിക്ക് തിരിച്ചറിയാനാവും. ആസ്വദിച്ച് കളിക്കാനാവാതെ വരുമ്പോള്‍, അതല്ലെങ്കില്‍ സഹതാരങ്ങളെ സഹായിക്കാനാവാതെ വരുമ്പോള്‍ ഞാന്‍ വിരമിക്കും. ഞാന്‍ സ്വയം വിമര്‍ശനം നടത്തുന്ന വ്യക്തിയാണ്. വിരമിക്കല്‍ തീരുമാനം എടുക്കേണ്ട സമയമാവുമ്പോള്‍ ഞാനത് സ്വീകരിക്കും. പ്രായത്തെ കുറിച്ചൊന്നും ഞാന്‍ ആ സമയം ചിന്തിക്കില്ല, മെസി പറയുന്നു.

നന്നായിരിക്കുന്നു എന്ന് തോന്നുന്നിടത്തോളം ഞാന്‍ കളിക്കും. കാരണം അതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എനിക്ക് അറിയാവുന്നതും അതാണ്. ഭാവിയെ കുറിച്ചൊന്നും ഞാന്‍ ചിന്തിച്ച് തുടങ്ങിയിട്ടില്ല. ഭാവിയെ കുറിച്ച് ആലോചിക്കാതെ ഓരോ നിമിഷവും ആസ്വദിക്കുകയാണ് ഞാന്‍. ഇപ്പോള്‍ എനിക്ക് ഒന്നിനെ കുറിച്ചും വ്യക്തതയില്ല. കുറച്ചുനാള്‍ കൂടി കളിക്കാനാവുമെന്നാണ് പ്രതീക്ഷ.സമയമാവുമ്പോള്‍ എന്താണ് മറ്റ് വഴികളെന്നും പുതിയ റോളുകളെന്നും ‍ഞാന്‍ കണ്ടെത്തും, മെസി പറയുന്നു. 

കഴിഞ്ഞ ദിവസം കോസ്റ്ററിക്കയ്ക്ക് എതിരെ അര്‍ജന്റീന 3-1ന് ജയിച്ചു കയറിയിരുന്നു. എന്നാല്‍ മെസിക്ക് കളിക്കാനായിരുന്നില്ല. പരുക്കിനെ തുടര്‍ന്ന് സാല്‍വഡോറിന് എതിരായ കളിയും മെസിക്ക് നഷ്ടമായി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഈ മല്‍സരം അര്‍ജന്റീന ജയിച്ചത്.