അമേരിക്കയിൽ പള്ളി ഇമാമിനെ അജ്ഞാതൻ വെടിവെച്ച് കൊന്നു

 


ന്യൂയോർക്ക്: അമേരിക്കയിൽ മുസ്ലിം പള്ളി ഇമാമിനെ  അജ്ഞാതൻ  വെടി വെച്ച് കൊന്നു. ന്യൂജേഴ്സിയിലെ നെവാർക്ക് ന​ഗരത്തിലെ മുഹമ്മദ് മസ്ജിദിലെ​ ഇമാം ഹസ്സൻ ഷരീഫാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. മസ്ജിദിലെ പുരോഹിതനെന്നതിനൊപ്പം  2006 മുതൽ നെവാർക്കിലെ ലിബേർട്ടി ഇന്റർനാഷണൽ എയർപ്പോർട്ടിൽ ട്രാൻസ്പോർട്ട് സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്ത് വരികയായിരുന്നു ഹസ്സൻ. ബുധനാഴ്ച പുലർച്ചെ പ്രാർത്ഥന കഴിഞ്ഞ് പള്ളിക്ക് പുറത്തെത്തിയ ഹസ്സന് നേരെ തോക്കുമായെത്തിയ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു.  

ആക്രമണത്തി​ന്റെ  കാരണം ഇതുവരെ വ്യക്തമല്ല. രക്തത്തിൽ കുളിച്ച് കിടന്ന ഇമാമിനെ പരിസരവാസികളും പള്ളിയിൽ പ്രാർത്ഥനക്കെത്തിയവരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്ന ഇമാം പിന്നീട് മരണത്തിനു കീഴടങ്ങി. പോസ്റ്റ്മാർട്ടത്തിൽ മൃതദേഹത്തിൽ നിന്നും രണ്ടിലധികം വെടിയുണ്ടകളാണ് കണ്ടെടുത്തിയിട്ടുള്ളത്. സംഭവത്തിൽ ന്യൂജേഴ്സി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

ആക്രമിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ​ 25000 ഡോളർ  പാരിതോഷികമായി ​നൽകുമെന്ന് ന്യൂജേഴ്സി ഗവർണർ ഫിൽ മർഫി വാ​ഗ്ദാനം ചെയ്തു . മുസ്ലിം വിഭാ​ഗത്തിന് തന്നാൽ കഴിയും വിധം സുരക്ഷയും സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ-ഹമാസ് സംഘർഷം തുടങ്ങിയത് മുതൽ അമേരിക്കയിലുടനീളം നിരവധി മുസ്ലീം വിരുദ്ധ പ്രക്ഷോഭങ്ങളും ആക്രമണങ്ങളും റിപ്പോ‌ർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുമായി ഈ ആക്രമണത്തിനു ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന്  ന്യൂജേഴ്സി പൊലീസ് വിശദമാക്കി.