മൊഹാലി: സ്വന്തം തട്ടകത്തിലേറ്റ തോൽവിക്ക് പഞ്ചാബ് കിങ്സിന് അവരുടെ തട്ടകത്തിൽ മറുപടി നൽകി മുംബൈ ഇന്ത്യൻസ്. ആദ്യ ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 215 റൺസ് എന്ന കൂറ്റൻ ലക്ഷ്യം ഏഴ് പന്തുകളും ആറ് വിക്കറ്റുകളും ബാക്കി നിൽക്കെ മുംബൈ മറികടന്നു. സ്കോർ- പഞ്ചാബ്: 214 (3 wkts, 20 Ov) / മുംബൈ: 216 (4 wkts, 18.5 Ov)
41 പന്തുകളിൽ നാല് സിക്സും ഏഴ് ഫോറുകളും സഹിതം 75 റൺസ് എടുത്ത ഇഷാൻ കിഷനും 31 പന്തുകളിൽ രണ്ട് സിക്സും എട്ട് ഫോറുകളും സഹിതം 66 റൺസ് എടുത്ത സൂര്യകുമാർ യാദവുമാണ് മുംബൈയുടെ മറുപടി ഇന്നിങ്സിന് അടിത്തറ പാകിയത്. ഇരുവരും പുറത്തായതോടെ ടിം ഡേവിഡും (19) തിലക് വർമയും (26) ചേർന്നാണ് രോഹിത് ശർമക്കും സംഘത്തിനും നിർണായക വിജയം സമ്മാനിച്ചത്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മുംബൈ 200ലധികം വിജയലക്ഷ്യം ചേസ് ചെയ്ത് വിജയിക്കുന്നത്. ജയത്തോടെ ഒമ്പത് കളികളിൽ അഞ്ച് ജയവുമായി മുംബൈ ആറാം സ്ഥാനത്തേക്ക് കയറി. 10 കളികളിൽ അഞ്ച് ജയമുള്ള പഞ്ചാബ് ഏഴാം സ്ഥാനത്താണ്.
ടോസ് നഷ്ടമായി ബാറ്റേന്തിയ ശിഖർ ധവാനും സംഘവും മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് കൂറ്റൻ ടോട്ടൽ പടുത്തുയർത്തിയത്. 42 പന്തുകളിൽ നാല് സിക്സും ഏഴ് ഫോറും സഹിതം 82 റൺസ് എടുത്ത ലിയാം ലിവിങ്സ്റ്റൺ ആണ് പഞ്ചാബ് ബാറ്റിങ് നിരയിൽ മികച്ചു നിന്നത്. ജിതേഷ് ശർമ 27 പന്തുകളിൽ 49 റൺസും നായകൻ ധവാൻ 20 പന്തുകളിൽ 30 റൺസുമെടുത്തു.