തുണിയില്ലാതെ നടന്ന് ജനങ്ങളെ ഭീതിയിലാക്കിയ മീറ്റർ കബീർ ഒടുവിൽ മോഷണക്കേസിൽ അറസ്റ്റിൽ

 


കോട്ടക്കൽ: രാത്രികാലങ്ങളിൽ നഗ്നനായി നടന്ന് ആളുകളെ ഭീതിയിലാക്കിയതിന് റിമാൻഡിലായ ശേഷം ജയിൽ മോചിതനായ കുപ്രസിദ്ധ മോഷ്ടാവ് വാട്ടർ മീറ്റർ കബീർ മറ്റൊരു മോഷണക്കേസിൽ വീണ്ടും അറസ്റ്റിൽ. ഇന്നലെ പുലർച്ചെ മലപ്പുറം കോട്ടക്കലിന് സമീപം എടരിക്കോട് എം.എം. വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്സ് എന്ന സ്ഥാപനത്തിന്റെ പൂട്ടു പൊളിച്ച് പണവും മറ്റും കവർന്ന സംഭവത്തിലാണ് തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിയായ മേലേത്ത് വീട്ടിൽ അബ്ദുൽ കബീർ (50) പിടിയിലായത്. 

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടക്കൽ ഇൻസ്പെക്ടർ കെ. അശ്വത്തിന്റെ നേതൃത്വത്തിൽ കോട്ടക്കൽ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ പ്രതി പിടിയിലായി. രാത്രികാലങ്ങളിൽ ആളില്ലാത്തവീടുകളും കടകളും കുത്തി തുറന്ന് ഒരു പ്രദേശത്ത് പരമാവധി മോഷണം നടത്തുക എന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞവർഷം കണ്ണൂരിലാണ് രാത്രികാലങ്ങളിൽ നഗ്നനായി നടന്ന് ജനങ്ങളെ ഭീതിയിലാഴ്ത്തി വീടുകൾ കുത്തിത്തുറന്ന് മോഷണ പരമ്പര നടത്തിയത്. ഈ കേസിൽ പിടിക്കപെട്ട് അടുത്തകാലത്താണ് ജയിലിൽ നിന്നിറങ്ങിയത്. 

മലപ്പുറം,കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി പതിനഞ്ചോളം മോഷണ കേസ് ഇയാൾക്കെതിരെയുണ്ട്. മലപ്പുറം ഡിവൈ.എസ്.പി അബ്ദുൾ ബഷീറിന്റെ നിർദേശാനുസരണം കോട്ടക്കൽ ഇൻസ്പെക്ടർ അശ്വത്, എസ്.ഐ എസ്.കെ. പ്രിയൻ, പൊലീസ് സേനാംഗങ്ങളായ രജീഷ്, ദിനേഷ് ഇരുപ്പക്കണ്ടൻ, ആർ. ഷഹേഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.