ഒരു വീട് എന്നത് എല്ലാവരുടെയും അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ്. എന്നാല്‍, സ്വന്തമായി ഒരു വീട് ഉണ്ടായിട്ടും തെരുവില്‍ കിടന്നുറങ്ങേണ്ട സാഹചര്യം ഒന്ന് ആലോചിച്ചു നോക്കൂ. ലണ്ടന്‍ സ്വദേശിയായ ഡോം സ്വന്തം വീട് വാടകയ്ക്ക് നല്‍കി തെരുവില്‍ കഴിയുകയാണ്. നിസഹായാവസ്ഥ കൊണ്ടൊന്നും അല്ല. വീട് വാടകയ്ക്ക് കൊടുത്ത് കിട്ടുന്ന വരുമാനം ലഹരിവസ്തുക്കള്‍ വാങ്ങിക്കാനാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ഇയാള്‍ കിടന്നുറങ്ങുന്നത് റെയില്‍വേ സ്‌റ്റേഷനിലും. യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് ഡോം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. പ്രതിമാസം ഏകദേശം 1.1 ലക്ഷം രൂപ അദ്ദേഹത്തിന് വീട്ടുവാടകയായി ലഭിക്കുന്നുണ്ട്. ഇതിനു പുറമെ, എല്ലാ ദിവസവും ഭിക്ഷ യാചിച്ച് ഏകദേശം 25000 രൂപ വരെയും ഇയാള്‍ സമ്പാദിക്കുന്നുണ്ട്. അന്തിയുറങ്ങാന്‍ ഒരു സ്ഥലം വേണം എന്ന് യാചിച്ചുകൊണ്ടാണ് ഡോം ഈ പണമുണ്ടാക്കുന്നത്. കിട്ടുന്ന പണമെല്ലാം ഇയാള്‍ ലഹരി വാങ്ങാനായി വേണ്ടി ചിലവാക്കുകയും ചെയ്യും.
കൗമാരപ്രായത്തിലാണ് തനിക്ക് ലഹരിയോട് ആസക്തി തോന്നിയതെന്ന് അദ്ദേഹം യൂട്യൂബ് ചാനലിനോട് പറഞ്ഞു. തനിക്ക് 13 വയസ്സുള്ളപ്പോള്‍ കഞ്ചാവ് വലിക്കാന്‍ തുടങ്ങിയെന്നും ഡോം പറയുന്നു. ” എനിക്ക് 17,18 വയസ്സുള്ളപ്പോള്‍ ഞാന്‍ ആദ്യമായി ഹെറോയിന്‍ വലിച്ചു. പെട്ടെന്ന് തന്നെ ഞാന്‍ അതിന് അടിമയായി, ” ഡോം അഭിമുഖത്തില്‍ പറഞ്ഞു.
ലഹരി ഉപയോഗത്തില്‍ നിന്ന് മുക്തി നേടാന്‍ അഞ്ച് തവണ റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ പോയി. പിന്നീട് ഏഴ് വര്‍ഷത്തോളം നല്ല രീതിയില്‍ മുന്നോട്ടുപോയി. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോയെന്നും വീണ്ടും ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
കാമുകി ഗര്‍ഭിണിയായതിനു ശേഷമാണ് തന്റെ അച്ഛന്‍ ഈ വീട് വാങ്ങിയതെന്നും തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഡോം പറയുന്നു. തനിക്ക് ജനിക്കുന്ന കുഞ്ഞിന് താമസിക്കാന്‍ സ്വന്തമായി ഒരു വീട് വേണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. നിലവില്‍, ഡോമിന്റെ കുടുംബക്കാരോ സുഹൃത്തുക്കളോ ആരും തന്നെ ഡോമിന്റെ കൂടെയില്ല. ലഹരിയില്ലാതെ ഒരു സാധാരണ ജീവിതം നയിക്കാനാണ് ഇപ്പോഴത്തെ അവന്റെ ആഗ്രഹം.
ഡോമിന്റെ ഈ വീഡിയോയ്ക്ക് വ്യത്യസ്ത തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചത്. ചിലര്‍ക്ക് അവനോട് സഹതാപമാണ് തോന്നിയത്. എന്നാല്‍ മറ്റ് ചിലര്‍ അവനെ വിമര്‍ശിക്കുകയും ചെയ്തു.
സ്വന്തമായി വീടില്ലാത്ത യുവാവിനെ യുവതി ജീവിതപങ്കാളിയാക്കിയതും വലിയ വാര്‍ത്തയായിരുന്നു. 2009-ലാണ്, മെക്സിക്കന്‍ സ്വദേശിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ലൂസ് യെസെനിയ ജെറോണിമോ സെര്‍ന എന്ന യുവതി സ്വന്തമായി ഒരു വീടു പോലും ഇല്ലാത്ത ജുവാന്‍ മെന്‍ഡോസ അല്‍വിസാറിനെ കണ്ടുമുട്ടിയത്. ഒരു വര്‍ക്ക് ഷോപ്പില്‍ കാര്‍ കഴുകുകയായിരുന്നു ജുവാന്‍ അപ്പോള്‍. അവര്‍ തമ്മില്‍ സംസാരിക്കുകയും തനിക്ക് ഒരു മെയ്ക്ക് ഓവര്‍ ചെയ്തു തരാമോ എന്ന് ജുവാന്‍ ലൂസിനോട് ചോദിക്കുകയും ചെയ്തു. അവിടെ നിന്നായിരുന്നു ആ പ്രണയകഥയുടെ തുടക്കം. രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ലൂസ് ജുവാനെ വിവാഹം കഴിച്ചു. അവരുടെ ദാമ്പത്യം 12 വര്‍ഷങ്ങളും പിന്നിട്ടിരിക്കുന്നു. ഇന്നവര്‍ക്ക് മൂന്നു കുട്ടികളുണ്ട്.