ലഖ്നൗ: റോഡരികിലെ കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്നയാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് യു.പിയിലെ പൊലീസുകാരൻ. കാൺപൂരിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. മോഷണം സി.സി.ടി.വിയിൽ പതിഞ്ഞതോടെയാണ് പൊലിസുകാരനായ കള്ളൻ കുടുങ്ങിയത്. ഇയാളെ ഉന്നത ഉദ്യോഗസ്ഥർ സസ്പെൻഡ് ചെയ്തു.
കാൺപൂരിലെ ഛത്മാര പ്രദേശത്ത് ശനിയാഴ്ച രാത്രി പട്രോളിങ്ങിനിറങ്ങിയതായിരുന്നു മഹാരാജ്പൂർ പൊലീസ് സ്റ്റേഷനിലെ പ്രജേഷ് സിങ് എന്ന കോൺസ്റ്റബിൾ. ഈ സമയം റോഡരികിൽ ഉറങ്ങുകയായിരുന്ന ആളുടെ അടുക്കൽ മൊബൈൽ ഫോൺ കണ്ടതോടെ പൊലീസുകാരന് ഒരു മോഹം. അതങ്ങ് സ്വന്തമാക്കിയാലോ എന്ന്. പൊലീസാണെന്നതിനാൽ തന്നെ താൻ പിടിക്കപ്പെടില്ലെന്നും ഇയാൾ കരുതി.
തുടർന്ന് ഫോൺ എടുത്ത് ഇയാൾ സ്ഥലംവിടുകയായിരുന്നു. എന്നാൽ എല്ലാം മുകളിലൊരാൾ കാണുന്നുണ്ടായിരുന്നു- എല്ലാത്തരം കള്ളന്മാരുടേയും അക്രമികളുടേയും പേടിസ്വപ്നമായ സി.സി.ടി.വി. അത് പൊലീസുകാരനായ കള്ളനേയും കുടുക്കി. വീഡിയോ വൈറലായതോടെ സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മഹാരാജ്പൂർ സ്റ്റേഷനിലെ കോൺസ്റ്റബിളായ പ്രജേഷ് സിങ്ങാണ് ആ കള്ളനെന്ന് വ്യക്തമാവുകയായിരുന്നു.
തുടർന്ന് എസ്.പി ഇയാളെ സസ്പെൻഡ് ചെയ്തു. മോഷണ സമയം ലായ്ക് സിങ് എന്ന ഹോംഗാർഡും പൊലീസ് കോൺസ്റ്റബിളിനൊപ്പം ഉണ്ടായിരുന്നു. ഇയാൾക്കെതിരെയും ഉടൻ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
കടത്തിണ്ണയിൽ കിടന്നുറങ്ങിയിരുന്ന മഹാരാജ്പൂർ ഛത്മാര സ്വദേശിയായ നിതിൻ സിങ് എന്നയാളാണ് മോഷണത്തിന് ഇരയായത്. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് ഇയാൾ പ്രതികളായ കോൺസ്റ്റബിൾ പ്രഗേഷ് സിങ്, ഹോം ഗാർഡ് ലായ്ക് സിങ് എന്നിവർക്കെതിരെ മഹാരാജ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. അതേസമയം, സംഭവത്തിൽ കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും എ.എസ്.പി വിജേന്ദ്ര ദ്വിവേദി അറിയിച്ചു.
കഴിഞ്ഞയാഴ്ച കാഞ്ഞിരപ്പള്ളിയിൽ കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇടുക്കി എ.ആര്. ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഷിഹാബിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് മാമ്പഴം മോഷ്ടിച്ചത് ഷിഹാബാണെന്ന് വ്യക്തമായിരുന്നു.
പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി- മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം പൊലീസുകാരന് മോഷ്ടിച്ചത്. സ്കൂട്ടര്‍ കടയുടെ സമീപം നിര്‍ത്തി, പെട്ടികളിലുണ്ടായിരുന്ന മാമ്പഴം ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. ഏകദേശം പത്തു കിലോയോളം മാമ്പഴം ഷിഹാബ് തന്റെ സ്കൂട്ടറിന്റെ സീറ്റിനടിയിലേക്ക് മാറ്റുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ടായിരുന്നത്.
സ്കൂട്ടറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നില്‍ പൊലീസുകാരനാണെന്ന് വ്യക്തമായത്. അതേസമയം, സംഭവത്തിന് പിന്നാലെ ശിഹാബ് ഒളിവില്‍ പോയ ഷിഹാബിനെ ഇതുവരെ പിടികൂടിയിട്ടില്ല.