കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡോക്ടറേറ്റ് ബഹുമതി (ഡി-ലിറ്റ്) നൽകണമെന്ന് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ പ്രമേയം. സിൻഡിക്കേറ്റംഗം ഇ. അബ്ദുറഹിമാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാൽ, പ്രമേയം അംഗീകരിക്കുന്നതിൽ ഇടതുപക്ഷ അംഗങ്ങൾക്കിടയിൽ തന്നെ തർക്കമുണ്ടായി.
ഇടതുപക്ഷ അനുകൂലിയായ സിൻഡിക്കേറ്റ് അംഗം വൈസ് ചാൻസലറുടെ അനുവാദത്തോടെയാണ് പ്രമേയം അവതരിപ്പിച്ചത്.
മറ്റ് രാജ്യങ്ങളുമായി ആശയവിനിമയം നടത്തി ന്യൂജൻ കോഴ്സുകൾ കേരളത്തിലെ മുഴുവൻ വിദ്യാർഥികൾക്കും ലഭ്യമാക്കുന്ന വിപ്ലവകരമായ പ്രവർത്തനമാണ് കാന്തപുരം ചെയ്തുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമൂഹത്തിനായി പടുത്തുയർത്തുകയും ഇന്നും ഈ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നയാളുമാണ് വെള്ളാപ്പള്ളി നടേശൻ. ഇരുവരുടെയും പ്രൊഫൈലുകൾ ഡി-ലിറ്റ് നൽകുന്നതിനായി നിയമിക്കപ്പെട്ട ഉപസമിതി പഠിക്കണം -പ്രമേയത്തിൽ പറയുന്നു.
ഡോ. വിജയരാഘവൻ, ഡോ. വിനോദ് കുമാർ, ഡോ. റഷീദ് അഹമദ് എന്നിവരടങ്ങുന്ന സബ് കമ്മിറ്റി വിഷയം പരിശോധിക്കും.
