കൊല്ലം: നെടുമ്പന സി.എച്ച്.സിക്ക് കീഴിലുള്ള വട്ടവിള സബ് സെന്ററിൽ 10 വയസ്സിന്റെ പ്രതിരോധ കുത്തിവെപ്പ് എടുത്ത കുട്ടിയുടെ കൈ നീരുകൊണ്ട് തടിച്ച് ശാസ്ത്രക്രിയ വേണ്ടിവന്ന സംഭവത്തിൽ ഡി.എം.ഒ തയാറാക്കിയ റിപ്പോർട്ടിൽ ഉത്തരവാദികളെ സഹായിക്കാൻ വഴിവിട്ട നീക്കം നടന്നെന്ന് ആരോപിച്ച് പ്രതിഷേധസമരം.
കുട്ടിയുടെ മാതാപിതാക്കളായ അമീർഖാൻ, സുൽഫത്ത് എന്നിവരാണ് കൊല്ലം ഡി.എം.ഒ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
രണ്ടുമാസം മുമ്പ് നടന്ന സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ ഡി.എം.ഒയുടെ നിർദേശപ്രകാരം ഡോക്ടർമാരായ ജമീല, റോയ് എന്നിവരാണ് അന്വേഷണം നടത്തിയത്. കുറ്റക്കാരെ വെള്ള പൂശുന്ന സമീപനമാണ് റിപ്പോർട്ടിൽ സ്വീകരിച്ചതെന്നാണ് ജസ്റ്റിസ് ഫോർ ആഷിക ആക്ഷൻ കൗൺസിൽ ഭാരവാഹികളും രക്ഷാകർത്താക്കളും ആരോപിച്ചിരിക്കുന്നത്. നിരന്തരം ഡി.എം.ഒ ഓഫിസിൽ കയറിയിറങ്ങിയ അമീറിനും സുൽഫത്തിനും റിപ്പോർട്ട് തയാറായില്ലെന്ന മറുപടിയാണ് ലഭിച്ചുകൊണ്ടിരുന്നത്.
അവസാനം കലക്ടർക്ക് പരാതി നൽകിയപ്പോഴാണ് റിപ്പോർട്ട് പുറത്തുവന്നത്. ഇഞ്ചക്ഷൻ എടുത്തതിനെതുടർന്ന് കൈയിൽ നീരടിച്ച്, ഓപറേഷൻ ചെയ്തശേഷം ഗുരുതരാവസ്ഥയിൽ ഐ.സി.യുവിൽ കിടന്ന കുട്ടിയെ നേരിൽ കാണുകയോ കുട്ടിയുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ആരോപിക്കപ്പെട്ടവരുടെ മുന്നിൽവെച്ചാണ് കുട്ടിയുടെ പിതാവിന്റെ മൊഴി രേഖപ്പെടുത്തിയത്.
കുട്ടിയെപോലും നേരിൽ കാണാതെ കുറ്റക്കാരെ വെള്ളപൂശാൻ വേണ്ടി ഡി.എം.ഒ തയാറാക്കിയ റിപ്പോർട്ട് അംഗീകരിക്കില്ലെന്നും ഇതുവരെ ചികിത്സക്ക് ചെലവായ തുക തിരികെ നൽകണമെന്നും ബ്ലോക്ക് പഞ്ചായത്ത് മെംബർ ഫൈസൽ കുളപ്പാടം പറഞ്ഞു.
പുനരന്വേഷണം നടത്തണമെന്നുള്ള അപേക്ഷ ഡെപ്യൂട്ടി ഡി.എം.ഒ സ്വീകരിക്കുകയും 15 ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാമെന്ന രേഖാമൂലമുള്ള ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.