വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സമസ്ത വഖഫ് മുതവല്ലി സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. ''വഖഫ് മന്ത്രി പറഞ്ഞതിനോട് പൂർണമായും എതിർപ്പുണ്ട്. എങ്ങനെയിരുന്നാലും ഈ നിയമം പാസാക്കുമെന്ന് ഒരു വഖഫ് മന്ത്രി പറയേണ്ടതല്ലായിരുന്നു. പ്രത്യേകിച്ച് ഒരു മുസ്‍ലിം പേരുള്ളയാൾ. ഇവിടന്ന് ജയിച്ചുകയറിപ്പോയി വഖഫിന്റെ ഉത്തരവാദിത്തംകൂടി അയാൾക്കുനൽകി. എന്നിട്ട് ഒരു ധാർഷ്ട്യമെന്ന നിലയ്ക്ക് എങ്ങനെയായാലും നിയമം പാസാക്കുമെന്ന് മുസ്‍ലിം സമുദായത്തോട് പറയുന്നു''-തങ്ങൾ വിമർശിച്ചു.
മുഖ്യമന്ത്രി വളരെ മാന്യമായ രീതിയിലാണ് സംസാരിച്ചത്. പ്രശ്‌നങ്ങൾ കൂടിയിരുന്നു സംസാരിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് മാന്യമായൊരു സ്വരമാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. പള്ളിയിൽ പ്രതിഷേധം നടത്താനുള്ള തീരുമാനം പിൻവലിക്കുന്നതായും തങ്ങൾ പ്രഖ്യാപിച്ചിരുന്നു.
'ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമനത്തിൽ സമസ്തക്ക് തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ കൂടിയിരുന്ന് സംസാരിക്കാം എന്ന് എന്നോട് പറഞ്ഞിരുന്നു. അത് പഠിച്ചിട്ട് പറയാമെന്നാണ് ഞാൻ പറഞ്ഞത്. സമസ്തയുടെ സെക്രട്ടി ആലിക്കുട്ടി മുസ്ലിയാരെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എളമരം കരീം വിളിച്ചിരുന്നു. സർക്കാറിന്റെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടാകണം എന്നാണ് സമസ്ത നിലപാട്. ഇല്ലെങ്കിൽ എല്ലാ തരത്തിലുള്ള പ്രതിഷേധത്തിന്റെ മുമ്പിലും സമസ്തയുണ്ടാകും'- തങ്ങൾ പറഞ്ഞു.
