തിരുവനന്തപുരം: ഹലാലിന്‍റെ പേരിൽ ചേരിതിരിവ് സൃഷ്ടിക്കാൻ സംഘ്പരിവാർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനിക ജനാധിപത്യത്തിൽ നിന്ന് വ്യതിചലിച്ച് ഹിന്ദുത്വരാഷ്ട്രമുണ്ടാക്കാനാണ് ശ്രമം. ഹലാൽ എന്നതിന്‍റെ അർഥം നല്ല ഭക്ഷണം എന്ന് മാത്രമാണ്. ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാൻ ഹലാൽ വിവാദം ഉപയോഗപ്പെടുത്തുകയാണെന്നും പിണറായി പറഞ്ഞു. ഇതാദ്യമായാണ് ഹലാൽ വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം പുറത്ത് വരുന്നത്.
ഹലാൽ വിവാദം ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. പാർലമെന്‍റിലെ ഭക്ഷണത്തിലും ഹലാൽ മുദ്രയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയതയെ വർഗീയത കൊണ്ട് നേരിടാനാകില്ലെന്നും പിണറായി പറഞ്ഞു. സി.പി.എം പിണറായി ഏരിയ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.