കർക്കിട മാസത്തിലും വേണം ഒരു കരുതൽ ശ്രദ്ധിക്കേണ്ട ഭക്ഷണക്രമം എന്തൊക്കെ

 



മഹാമാരിയുടെ ഭീഷണി നിലനില്‍ക്കുമ്പോഴാണ് ഇത്തവണയും കര്‍ക്കിടകത്തിന്റെ വരവ്. മഴക്കാല രോഗങ്ങളെയും നമുക്ക് ഭയക്കണം. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷികുറയുന്ന കാലം കൂടിയാണിത്. രോഗപ്രതിരോധശേഷി തിരിച്ചുപിടിച്ച് ആരോഗ്യവാന്മാരായിരിക്കാന്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ സമയത്ത് നല്ല ഭക്ഷണം കഴിക്കുക എന്നതാണ് ഇതില്‍ പ്രധാനം. 

ദഹനക്കേടിന് ഇടവരാത്ത രീതിയില്‍ ഭക്ഷണം കഴിച്ചാല്‍ തന്നെ ഒരുപാട് അസുഖങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ആയുര്‍വേദം പറയുന്നത്. ദഹനസംബന്ധമായ പ്രശ്‌നങ്ങളാണ് പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. 

ശരിയായ ഭക്ഷണക്രമം; എന്തൊക്കെ ശ്രദ്ധിക്കണം?

  • എളുപ്പം ദഹിക്കാവുന്നതും പുളി, ഉപ്പ് എന്നീ രസങ്ങള്‍ കൂടുതലുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കാം
  • മഴക്കാലത്ത് തണുത്താറിയ ഭക്ഷണം കഴിക്കരുത്. ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക
  • ഭക്ഷണത്തില്‍ പച്ചക്കറികള്‍ കൂടുതല്‍ ഉള്‍പ്പെടുത്താം. പയര്‍വര്‍ഗങ്ങളും ധാന്യങ്ങളും ഉള്‍പ്പെടുത്തിയ സമീകൃതാഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക
  • നെയ്യ് ദഹനശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ എണ്ണയുടെ ഉപയോഗം കുറച്ച് നെയ്യ് ഉപയോഗിക്കാം. ഉച്ചക്ക് ഊണിന്റെ കൂടെ അല്‍പം നെയ്യ് കഴിക്കാം.
  • ഇളം ചൂടുവെള്ളം കുടിക്കുക
  • പച്ചക്കറി സൂപ്പുകളും ഇറച്ചി സൂപ്പുകളും കഴിക്കാം. ഇത് ശരീരത്തിന്റെ ഊര്‍ജസ്വലത വര്‍ധിപ്പിക്കും
  • ഇഞ്ചി, കുരുമുളക്, വെളുത്തുളളി ഇവയെല്ലാം ഉള്‍പ്പെടുത്തിയ രസം കഴിക്കാം
  • ചായയിലും കാപ്പിയിലുമെല്ലാം ഏലക്ക, ഇഞ്ചി, പട്ട എന്നിവ ചേര്‍ത്ത് കഴിക്കാം
  • പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. ഉണർന്നതിന്‌ അരമണിക്കൂറിനകം പ്രഭാതഭക്ഷണം കഴിക്കുന്നതാണ് ഉത്തമം
  • പ്രഭാതഭക്ഷണവും, ഉച്ചഭക്ഷണവും തമ്മിൽ നാലു മണിക്കൂറിന്റെ ഇടവേള ഉണ്ടായിരിക്കണം 
  • കിടക്കുന്നതിന് തൊട്ടു മുൻപ് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. കിടക്കുന്നതിന് മൂന്നു മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിച്ചിരിക്കണം