ന്യൂഡൽഹി: സി.ബി.എസ്.ഇ സ്കൂളുകൾ പഠിക്കുന്ന കുട്ടികൾക്ക് ബോർഡ് വികസിപ്പിച്ച പുതിയ ആപ്ലിക്കേഷനിലൂടെ ഇനി സൈക്കോളജിക്കൽ കൗൺസലിങ് സെഷനുകൾ ലഭ്യമാകും. മേയ് പത്ത് മുതലാണ് ആപ്പിലൂടെ ക്ലാസുകൾ തുടങ്ങുക.
കഴിഞ്ഞവർഷം ബോർഡ് പരീക്ഷകൾക്ക് മുന്നോടിയായി ടോൾ ഫ്രീ നമ്പറിലൂടെയാണ് വിദ്യാർഥികൾക്ക് കൗൺസലിങ് നൽകിയിരുന്നത്. എന്നാൽ, ഈ വർഷം ആൻഡ്രോയിഡ് ഫോണുകൾക്കായി 'CBSE Dost For Life' എന്ന ആപ്പ് പുറത്തിറക്കുകയായിരുന്നു. ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഇതിെൻറ സേവനം ലഭ്യമാകും.
83 വളണ്ടിയർ കൗൺസിലർമാരും വിവിധ സ്‌കൂൾ പ്രിൻസിപ്പൽമാരുമാണ് സെഷനുകൾക്ക് നേതൃത്വം നൽകുക. ആപ്പിലെ ക്ലാസുകൾ പൂർണമായും സൗജന്യമാണ്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ഇതിൽ ക്ലാസുണ്ടാവുക. രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ, അല്ലെങ്കിൽ 1.30 മുതൽ 5.30 എന്നീ സമയപരിധിയിൽ വരുന്ന അനുയോജ്യമായ സമയം കുട്ടുകൾക്കും രക്ഷിതാക്കൾക്കും തെരഞ്ഞെടുക്കാം.
ഇത് കൂടാതെ സെക്കൻഡറി വിദ്യാഭ്യാസത്തിനുശേഷം തെരഞ്ഞെടുക്കാവുന്ന കോഴ്സുകൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ, മാനസികാരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചുള്ള വിവരങ്ങൾ, കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ തുടങ്ങിയവയും ആപ്ലിക്കേഷനിലുണ്ടെന്ന് സി.ബി.എസ്.ഇ വക്താവ് പറഞ്ഞു.
സ്കൂളുകളിൽ മാനസികാരോഗ്യ ഉന്നമനത്തിെൻറ ആവശ്യകത പ്രതിപാദിക്കുന്ന 'മാനസികാരോഗ്യവും ക്ഷേമവും' എന്ന മാനുവലും ബോർഡ് പുറത്തിറക്കിയിട്ടുണ്ട്. ഫെസിലിറ്റേറ്റർമാരായ അധ്യാപകർ, സ്കൂൾ കൗൺസിലർമാർ, പ്രത്യേക അധ്യാപകർ, ബന്ധുക്കൾ എന്നിവർക്ക് ഇൗ വിഷയത്തിലുള്ള ചുമതലകൾ ഇതിൽ വ്യക്തമാക്കുന്നു. കൂടാതെ പകർച്ചവ്യാധി കാലത്ത് സ്കൂളുകളും കുടുംബങ്ങളും കുട്ടികൾക്ക് മാനസിക-സാമൂഹിക പിന്തുണ എങ്ങനെ നൽകാമെന്നതിനെക്കുറിച്ചുള്ള അധ്യായവും ഇതിൽ ഉൾപ്പെടുന്നു.