ചെന്നൈ : ചെന്നൈയിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ കാമുകൻ ഹോട്ടൽമുറിയിൽ കഴുത്തുഞെരിച്ചു കൊന്നു. കൊല്ലുന്ന രംഗം യുവാവ് മൊബൈലിൽ പകർത്തി വാട്സാപ്പ് സ്റ്റാറ്റസാക്കി. കൊല്ലം തെന്മല ഊരുകുന്ന് കാമ്പുളിനിൽ വീട്ടിൽ ബദറുദ്ദീന്റെ മകൾ ഫൗസിയ (20) യാണ് മരിച്ചത്. ഫൗസിയയുടെ കാമുകൻ കൊല്ലം സ്വദേശി എം. ആഷിഖിനെ (20)അറസ്റ്റു ചെയ്തു.
ചെന്നൈ ക്രോംപെട്ടിലെ ബാലാജി മെഡിക്കൽ കോളേജിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയാണ് ഫൗസിയ.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വെളളിയാഴ്ച ക്രോംപെട്ടിലെ ഹോട്ടലിൽ ആഷിഖ് ഫൗസിയക്കൊപ്പം മുറിയെടുത്തു. അവിടെവെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ആഷിഖ് തന്റെ ടീഷർട്ടുകൊണ്ട് ഫൗസിയയുടെ കഴുത്തുമുറുക്കി കൊന്നു. ഈ രംഗം മൊബൈലിൽ പകർത്തി ആഷിഖ് വാട്സാപ്പ് സ്റ്റാറ്റസാക്കി. ഫൗസിയയുടെ ചില സുഹൃത്തുക്കൾ ഈ സ്റ്റാറ്റസ് കണ്ട് ഭയന്ന് വിവരം പോലീസിൽ അറിയിച്ചു. ഫൗസിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ക്രോംപെട്ട് സർക്കാർ മെഡിക്കൽ കോളേജാശുപത്രിയിലേക്കു മാറ്റി.
ആഷിഖും ഫൗസിയയും അടുപ്പത്തിലായിരുന്നെന്നും പ്രായപൂർത്തിയാവുന്നതിനുമുമ്പ് ഇവർ വിവാഹിതരായെന്നും അതിൽ ജനിച്ച കുഞ്ഞ് മൈസൂരിലെ ആശ്രമത്തിൽ കഴിയുകയാണെന്നും പോലീസ് പറയുന്നു. പ്രായപൂർത്തിയാവാതെ വിവാഹം കഴിച്ചതിനാൽ ആഷിഖിനെ നേരത്തെ പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്ത് ജയിലിലടച്ചിരുന്നതായും പറയുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയശേഷം വീണ്ടും ആഷിഖ് ഫൗസിയയെ കാണാൻ ചെന്നൈയിൽ താമസമാക്കുകയായിരുന്നു. ആഷിഖിന് മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെച്ചൊല്ലിയാണ് ഇരുവരും ഹോട്ടലിൽ വഴക്കുണ്ടായതെന്ന് പോലീസ് പറഞ്ഞു.