ശ്രീശാന്തിന്റെ പന്ത് വെടിക്കെട്ടാക്കി ഗംഭീർ പിന്നാലെ വാതുവെപ്പ് കാരനെന്ന് വിളിച്ച് അപമാനിച്ചെന്ന് ആരോപണവുമായി ആരാധകർ

 



ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിനിടെ ശ്രീശാന്തുമായി കടുത്ത വാഗ്വാദത്തിലേര്‍പ്പെട്ട് ഗൗതം ഗംഭീര്‍. ഇന്ത്യ കാപിറ്റല്‍സും ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സരത്തിനിടെയാണ് വാക്കേറ്റമുണ്ടായത്. ശ്രീശാന്തിനെ തുടര്‍ച്ചയായ പന്തുകളില്‍ ഫോറും സിക്സും പറത്തിയതിന് പിന്നാലെ ഗംഭീര്‍ അധിക്ഷേപിച്ചെന്നാണ് ആരാധകര്‍ പറയുന്നത്. വാക്കേറ്റം രൂക്ഷമായതിന് പിന്നാലെ അംപയര്‍മാരെത്തിയാണ് ഇരുവരെയും ശാന്തരാക്കിയത്. മല്‍സരത്തിന് ശേഷം ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുകയും ഗംഭീറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. 

മോശമായ പരാമര്‍ശങ്ങള്‍ തനിക്കെതിരെ നടത്തിയെന്നും തന്നെ അത് വളരെയധികം വേദനിപ്പിച്ചെന്നും ശ്രീശാന്ത് പറയുന്നു. ശ്രീശാന്തിനെ ഗംഭീര്‍ വാതുവയ്പുകാരനെന്ന് വിളിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. സഹപ്രവര്‍ത്തകരുമായി നിരന്തരം അടിപിടികൂടുകയും സെവാഗ് അടക്കമുള്ള മുതിര്‍ന്ന താരങ്ങളെ പോലും ബഹുമാനിക്കുകയും ചെയ്യാത്ത ഗംഭീറില്‍ നിന്ന് താന്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു.