ആനകൾ എപ്പോഴാണ് പ്രകോപിതരാകുന്നത് എന്ന് പറയാൻ പറ്റില്ല. അവ പ്രകോപിതരായാൽ എന്തും സംഭവിക്കാം. അതുപോലെ മലേഷ്യയിൽ നിന്നുമുള്ള ഒരു കുടുംബം തലനാരിഴയ്ക്കാണ് ആനക്കൂട്ടത്തിൽ നിന്നും ജീവനോടെ രക്ഷപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
പെനാങ് ദ്വീപിൽ നിന്ന് തെരെങ്കാനുവിലേക്ക് പോവുകയായിരുന്നു മൂന്നംഗ കുടുംബം. മൂടൽമഞ്ഞും ചാറ്റൽമഴയും കാരണം റോഡ് അവ്യക്തമായിരുന്നു. 48 -കാരനായ മെഡിക്കൽ അസിസ്റ്റന്റ് അസിയാൻ മൊഹദ് നൂറാണ് വാഹനം ഓടിച്ചിരുന്നത്. വഴിയിൽ വച്ച് കാർ ഒരു ആനക്കുട്ടിയെ ഇടിച്ചു. എങ്കിലും പെട്ടെന്ന് തന്നെ ഇയാൾ ബ്രേക്ക് പിടിച്ചത് കാരണം കൂടുതൽ അപകടം സംഭവിച്ചില്ല.
പക്ഷേ, നിമിഷങ്ങൾക്കകം കൂട്ടത്തിലുണ്ടായിരുന്ന മുതിർന്ന ആനകൾ ഇയാളുടെ കാർ ആഞ്ഞ് ചവിട്ടാൻ തുടങ്ങി. നൂർ ദി ഇൻഡിപെൻഡന്റിനോട് പറഞ്ഞത്, “പിന്നിൽ ഇരിക്കുകയായിരുന്ന എന്റെ ഭാര്യ ഇതെല്ലാം കണ്ട് ഉറക്കെ നിലവിളിച്ചു തുടങ്ങിയിരുന്നു. ഞങ്ങളെല്ലാവരും ഉറപ്പായും കൊല്ലപ്പെടാൻ പോകുകയാണെന്ന് തന്നെയാണ് ഞങ്ങൾ കരുതിയത്. ആനകളാണെങ്കിൽ ഉച്ചത്തിൽ അലറുന്നുണ്ടായിരുന്നു. അതീവ ഭയാനകമായിരുന്നു ആ രംഗം. ആനക്കൂട്ടം കാർ മറിച്ചിടും എന്ന് തന്നെ ഞങ്ങൾ കരുതി“ എന്നാണ്.
അ സമയത്ത് ഭാഗ്യവശാൽ ആനക്കുട്ടി എഴുന്നേറ്റ് നിന്നു. അതേസമയം തന്നെ, നൂറിന്റെ കാർ റോഡിൽ നിന്നും താഴേക്ക് ഉരുളാൻ തുടങ്ങി. ഇതോടെ കാർ റീസ്റ്റാർട്ട് ചെയ്ത് അവിടെ നിന്നും രക്ഷപ്പെട്ട് പോകാൻ നൂറിന് കഴിഞ്ഞു. സംഭവത്തെക്കുറിച്ച് ഗെറിക് ജില്ലാ പൊലീസ് ചീഫ് സൂപ്രണ്ട് സുൽക്കിഫ്ലി മഹമൂദ് മാധ്യമങ്ങളോട് പറഞ്ഞത്, “റോഡിലൂടെ പോവുകയായിരുന്ന ആനക്കൂട്ടത്തിലേക്കാണ് കാർ ചെന്നത്. കൂട്ടത്തിലുണ്ടായിരുന്ന കുട്ടിയാനയെ കാർ ഇടിക്കുകയും ചെയ്തു. ഇതോടെ അതിനൊപ്പമുണ്ടായിരുന്ന അഞ്ച് ആനകൾ ചേർന്ന് കാറിനെ ആക്രമിക്കുകയായിരുന്നു“ എന്നാണ്.
നൂറും കുടുംബവും ഒരുവിധത്തിലാണ് ജീവനോടെ ഇവിടെ നിന്നും രക്ഷപ്പെട്ടത്. കാർ തകർന്ന അവസ്ഥയിലാണ്. ഇതുവഴി പോകുമ്പോൾ ശ്രദ്ധിക്കണം എന്ന് അധികൃതർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്