ഏകദിന റാങ്കിങ്ങില്‍ ശുഭ്മാന്‍ ഗില്‍ ഒന്നാമന്‍ ബൌളിങ്ങിൽ മുഹമ്മദ് സിറാജ് ഒന്നാമത്


 ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിലും ഇന്ത്യന്‍ വീരഗാഥ. പാക് നായകന്‍ ബാബര്‍ അസമിനെ മറികടന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശുഭമാൻ ഗിൽ ഒന്നാമതെത്തി. 830 പോയിന്‍റാണ് ഗില്ലിന്‍റെ സമ്പാദ്യം. ബാബര്‍ 824 പോയിന്‍റുമായി രണ്ടാം സ്ഥാനത്തേക്കിറങ്ങി. 

ഈ നേട്ടം ഏറ്റവും വേഗത്തില്‍ കൈവരിക്കുന്ന രണ്ടാമത്തെ താരമാണ് ഗില്‍. കരിയറില്‍ വെറും 41 ഏകദിനങ്ങളാണ് ഈ നേട്ടത്തിലെത്താന്‍ ഗില്‍ കളിച്ചത്. 38 ഇന്നിങ്സ് കളിച്ച് ഒന്നാം റാങ്കിലെത്തിയ എം.എസ് ധോണിയാണ് ഈ നേട്ടത്തില്‍ വേഗത്തിലെത്തിയ താരം.

സമീപകാലത്ത് മികച്ച ഫോമില്‍ കളിക്കുന്ന ഗില്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം കൂടിയാണ്. അടുത്തിടെയാണ് താരം കലണ്ടര്‍ വര്‍ഷം 2000 റണ്‍സ് എന്ന നാഴികക്കല്ലില്‍ തൊട്ടത്. ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായ ഗില്‍ തിരിച്ചു വരവില്‍ രണ്ട് അര്‍ധ സെഞ്ച്വറി കുറിച്ചു കഴിഞ്ഞു. ശ്രീലങ്കക്കെതിരെ വെറും എട്ട് റണ്‍സ് അകലെയാണ് താരത്തിന് ലോകകപ്പിലെ ആദ്യ സെഞ്ച്വറി നഷ്ടമായത്. 

ബൗളർമാരുടെ പട്ടികയിൽ മുഹമ്മദ് സിറാജ് തന്നെയാണ് ഒന്നാമത്. ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റുകളിലും ടീം റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി.