വാഷിങ്ടൺ: ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്ക് കൂട്ടുനിൽക്കുന്ന അമേരിക്കൻ നിലപാടിൽ പ്രതിഷേധിച്ച് വൈറ്റ് ഹൗസിന്റെ ദീപാവലി ആഘോഷത്തിനുള്ള ക്ഷണം നിരസിച്ച് കനേഡിയൻ കവയിത്രി രൂപി കൗർ. നവംബർ എട്ടിന് വൈറ്റ്ഹൗസ് സംഘടിപ്പിക്കുന്ന വിരുന്നിനാണ് ഇന്ത്യൻ വംശജയായ രൂപി കൗറിന് ക്ഷണമുണ്ടായിരുന്നത്. സാധാരണക്കാരെ കൂട്ടശിക്ഷയ്ക്ക് വിധേയമാക്കുന്നതിനെ പിന്തുണയ്ക്കുന്ന ഭരണകൂടത്തിൽനിന്നുള്ള ക്ഷണം നിരാകരിക്കുകയാണെന്ന് എക്‌സിൽ (നേരത്തെ ട്വിറ്റർ) പങ്കുവച്ച കുറിപ്പിൽ അവർ പറഞ്ഞു. വംശഹത്യയെ ന്യായീകരിക്കുന്ന നിലപാടാണ് ബൈഡൻ ഭരണകൂടത്തിന്റേതെന്നും അവർ കുറ്റപ്പെടുത്തി. യുഎസ് വൈസ് പ്രസിഡണ്ട് കമലാ ഹാരിസ് ആതിഥേയയാകുന്ന വിരുന്നാണ് ഇവർ ബഹിഷ്‌കരിച്ചത്.
പത്തു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞ മിൽക് ആന്റ് ഹണി എന്ന വിഖ്യാത പുസ്തകത്തിന്റെ രചയിതാവാണ് രൂപി കൗർ. ഇൻസ്റ്റഗ്രാമിൽ നാൽപ്പത് ലക്ഷത്തിലേറെ പേരാണ് രൂപിയെ പിന്തുടരുന്നത്. നെറ്റ്ഫ്‌ളിക്‌സിന്റെ നെവർ ഹാവ് ഐ എവർ സീരിസിലെ നടി റിച്ച മൂർജാനി, കണ്ടന്റ് ക്രിയേറ്റർ പായൽ എന്നിവരും ക്ഷണം നിരസിച്ചിട്ടുണ്ട്.