തെൽ അവിവ്: ഗസ്സയിലെ അൽശിഫ ആശുപത്രിക്ക് താഴെ ഹമാസിന്റെ ബങ്കറുകൾ കണ്ടെത്തിയെന്ന ഇസ്രായേൽ സൈന്യത്തിന്റെ വാദം പൊളിയുന്നു. ബങ്കറുകൾ തങ്ങൾ തന്നെ നിർമിച്ചതാണെന്ന വെളിപ്പെടുത്തലുമായി മുൻ പ്രധാനമന്ത്രി യഹുദ് ബറാക് രംഗത്തെത്തി. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇസ്രായേൽ തന്നെ നിർമിച്ച തുരങ്കങ്ങളാണ് ഹമാസ് നിലവിൽ ഉപയോഗിക്കുന്നതെന്ന് സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ ബറാക് പറഞ്ഞു.
'അൽ ശിഫക്കു താഴെ ഇസ്രായേൽ ഒരുക്കിയ ബങ്കറുകൾ ഹമാസ് തങ്ങളുടെ കേന്ദ്രമായി ഉപയോഗിച്ചുവരുന്നുവെന്ന് വർഷങ്ങളായി അറിയാവുന്നതാണ്. ഒരു ജങ്ഷനെന്ന നിലക്ക് നിരവധി ബങ്കറുകൾ ഇതിന്റെ ഭാഗമാണ്. നാലോ അഞ്ചോ പതിറ്റാണ്ടുകൾ മുമ്പാണ് തങ്ങൾ സഹായിച്ച് ഈ ബങ്കറുകൾ നിർമിക്കുന്നതെന്നും ആശുപത്രി പ്രവർത്തനത്തിന് കൂടുതൽ ഇടം നൽകലായിരുന്നു ലക്ഷ്യം'-ബറാക് പറഞ്ഞു.
1967ൽ ഈജിപ്തിന്റെ നിയന്ത്രണത്തിൽനിന്നാണ് ഗസ്സ ഇസ്രായേൽ പിടിച്ചടക്കുന്നത്. പിന്നീട് 2005 വരെ ഇസ്രായേലിന്റെ നിയന്ത്രണത്തിലായിരുന്നു ഈ പ്രദേശം. അതിന് ശേഷമാണ് ഗസ്സ ഹമാസിന്റെ നിയന്ത്രണത്തിൽ വരുന്നത്.
അൽശിഫ ആശുപത്രിക്ക് കീഴിൽ ഹമാസിന്റെ സൈനിക ബങ്കറുകൾ ഉണ്ടെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസങ്ങളിൽ അൽശിഫ ആശുപത്രിക്ക് നേരെ ഇസ്രായേൽ കടുത്ത ആക്രമണങ്ങൾ നടത്തിയത്. ആശുപത്രിയിലെ വൈദ്യുതിബന്ധം പൂർണമായും വിച്ഛേദിച്ചതിനെ തുടർന്ന് വെന്റിലേറ്ററിന്റെയും ഇൻക്യുബേറ്ററുകളുടെയും പ്രവർത്തനം നിലച്ചിരുന്നു. രോഗികളും ആരോഗ്യപ്രവർത്തകരുമടക്കം നൂറുകണക്കിന് ആളുകളാണ് ആശുപത്രിക്കുള്ളിൽ കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ കുന്നുകൂടിയതിനെ തുടർന്ന് കൂട്ടത്തോടെ മറമാടുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.
ദിവസങ്ങൾ നീണ്ട ആക്രമണത്തിന് ശേഷം ആശുപത്രിയിൽനിന്ന് ഇസ്രായേൽ സൈന്യത്തിന് കാര്യമായൊന്നും കണ്ടെത്താനായിരുന്നില്ല. ആക്രമണം ലോകത്തിന് മുന്നിൽ ഇസ്രായേലിനെ പ്രതിക്കൂട്ടിലാക്കിയതോടെയാണ് ആശുപത്രിക്കകത്ത് ഹമാസിന്റെ ബങ്കർ കണ്ടെത്തിയെന്ന ന്യായീകരണവുമായി ഇസ്രായേൽ രംഗത്തെത്തിയത്. ആശുപത്രിയുടെ അടിയിൽ 55 മീറ്റർ നീളമുള്ള തുരങ്കം കണ്ടെത്തിയെന്നായിരുന്നു ഇസ്രായേൽ വാദം. എന്നാൽ ഇത് പൊളിച്ചുകൊണ്ടാണ് മുൻ പ്രധാനമന്ത്രി തന്നെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.