മധ്യപ്രദേശ് പോലീസിന്റെ പ്രത്യേക സായുധ സേനയിലെ കോൺസ്റ്റബിളിനെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. വിവാഹം വൈകിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
32കാരനായ അനുരാഗ് രജാവത് ആണ് കൊല്ലപ്പെട്ടത്. ഹെഡ് കോൺസ്റ്റബിളായ പിതാവ് സുഖ്വീർ രജാവത്തിന്റെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ വെച്ചായിരുന്നു കൊലപാതകം. ഇളയ സഹോദരൻ, 22 കാരനായ ഗോവിന്ദ്, ബന്ധുവായ ഭീം സിംഗ് പരിഹാർ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്.
തന്റെ വിവാഹം നിശ്ചയിക്കുന്നതിലെ കാലതാമസത്തെ ചൊല്ലി അനുരാഗ് വീട്ടിൽ പ്രശ്‌നമുണ്ടാകുന്നത് പതിവായിരുന്നു. എന്നാൽ, അനുരാഗിന്റെ മദ്യപാനം കാരണം ഇയാളെ വിവാഹം കഴിപ്പിക്കുന്നതിൽ കുടുംബത്തിന് താത്പര്യമുണ്ടായിരുന്നില്ല. ബുധനാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. അനുരാഗിന്റെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. പതിവ് തർക്കം സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നീങ്ങുകയായിരുന്നു.
കുറ്റിക്കാട്ടിലേക്ക് തള്ളിയിട്ട നിലയിലാണ് അനുരാഗിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തത്. തലക്ക് പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. ബൈക്കിൽ മൂന്നുപേർ വേഗത്തിൽ പോകുന്നത് കണ്ട് സംശയം തോന്നിയ പോലീസുകാർ ഇവരെ പിന്തുടരുകയായിരുന്നു. പോലീസിനെ കണ്ടതും ബൈക്ക് വെട്ടിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് അനുരാഗിന്റെ മൃതദേഹം കണ്ടെടുത്തത്.
കുറ്റം സമ്മതിച്ചതോടെ അച്ചനടക്കം മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. സാധാരണ ഉണ്ടാകുന്ന വാഴക്കായിരുന്നുവെന്നും എന്നാൽ, സഹോദരൻ ഗോവിന്ദ് ആക്രമിച്ചതോടെയാണ് സംഭവം വഷളായതെന്നും പോലീസിനോട് പ്രതികൾ പറഞ്ഞു. മൃതദേഹം ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് പട്രോളിംഗിൽ കുടുങ്ങുകയായിരുന്നു.