രാംപുർ (യു.പി): രാംപുർ ജില്ലയിൽ പശുവിനെ കശാപ്പുചെയ്ത യുവാവ് പൊലീസിന്റെ വെടിയേറ്റ് മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. സാജിദ് എന്ന 23കാരനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബബ്ലു ചികിത്സയിലാണ്. പ്രതികൾ വാഹനത്തിൽ രക്ഷപ്പെടുന്നതിനിടെ സ്വയംപ്രതിരോധിക്കാൻ വെടിയുതിർത്തെന്നാണ് പൊലീസ് ഭാഷ്യം.
പൊലീസിന്റെ ചെക്ക്പോസ്റ്റ് കണ്ട് തിരിച്ചുപോയപ്പോൾ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. സ്വയം പ്രതിരോധത്തിനായി തിരിച്ചടിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ പ്രതികൾ കാറിൽനിന്ന് ഇറങ്ങി വെടിയുതിർത്തു.
വെടിവെപ്പിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ സാജിദ് മരിച്ചതായി രാംപുർ എസ്.പി രാജേഷ് ദ്വിവേദി പറഞ്ഞു. കൊലപാതകശ്രമം, ആയുധനിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കാർ, നാടൻ പിസ്റ്റളുകൾ, വെടിയുണ്ടകൾ, പശുവിനെ കൊല്ലാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തതായി എസ്.പി കൂട്ടിച്ചേർത്തു