ജക്കാര്‍ത്ത: അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീലിനെ തകര്‍ത്തെറിഞ്ഞ് അര്‍ജന്റീന സെമിയില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. ക്യാപ്റ്റന്‍ ക്ലൗഡിയോ എച്ചേവെറിയുടെ ഹാട്രിക് മികവിലാണ് അര്‍ജന്റീനയുടെ സെമി പ്രവേശം. 28, 58, 71 മിനിറ്റുകളിലായിരുന്നു എച്ചേവെറിയുടെ ഗോളുകള്‍. സെമിയില്‍ ജര്‍മനിയാണ് അര്‍ജന്റീനയുടെ എതിരാളി. ജര്‍മനി എതിരില്ലാത്ത ഒരു ഗോളിന് സ്‌പെയ്‌നിനെ മറികടന്നു. നാളെ നടക്കുന്ന മറ്റു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ഫ്രാന്‍സ് ഉസ്‌ബെക്കിസ്ഥാനേയും മാലി മൊറോക്കൊയേയും നേരിടും.
ബ്രസീലിനെതിരെ അര്‍ജന്റീനയുടെ ആധിപത്യമായിരുന്നു. 28-ാം മിനിറ്റില്‍ അര്‍ജന്റൈന്‍ കൗമാരപ്പട ആദ്യ ഗോളും നേടി. എച്ചേവെറി ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റമാണ് ഗോളില്‍ അവസാനിച്ചത്. ഏറെക്കുറെ മധ്യവരയില്‍ നിന്നും പന്തുമായി മുന്നേറിയ അര്‍ജന്റൈന്‍ നായകന്‍ ഒരു ബ്രസീലിയന്‍ താരത്തെ മറികടന്ന് ബോക്‌സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ട് ഗോള്‍വര കടന്നു. ആദ്യപാതി ഈ ഗോള്‍നിലയില്‍ അവസാനിച്ചു.
രണ്ടാം പാതിയില്‍ അര്‍ജന്റീന ലീഡുയര്‍ത്തി. ഇത്തവണും എച്ചേവറിയുടെ വണ്‍മാന്‍ ഷോയാണ് ഗോളില്‍ അവസാനിച്ചത്. രണ്ട് ബ്രസീലിയന്‍ താരങ്ങളെ മറികടന്ന താരം ഒരു അസാധ്യ കോണില്‍ നിന്ന് ബ്രസീലിയന്‍ ഗോള്‍ കീപ്പറേയും മറികടക്കുകയായിരുന്നു. രണ്ടാം ഗോളും വന്നതോടെ ബ്രസീല്‍ വിറച്ചു. തിരിച്ചുകയറാന്‍ കഴായത്ത പാകത്തില്‍ അവര്‍ പതറയിരുന്നു. ഇതിനിടെ മൂന്നാം ഗോളും പിറന്നു. ഇത്തവണ ഓവര്‍ലാപ്പ് ചെയ്ത് കയറിയാണ് എച്ചേവെറി ഗോള്‍ നേടിയത്. ബ്രസീലിയന്‍ ഗോള്‍ കീപ്പറേയും വെട്ടിയൊഴിഞ്ഞ് താരം പന്ത് അനായാസം ലക്ഷ്യത്തിലെത്തിച്ചു. ടൂര്‍ണമെന്റിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമതാണ് എച്ചേവെറി. വൈകാതെ ഫൈനല്‍ വിസില്‍.കഴിഞ്ഞ ദിവസം ലോകകപ്പ് യോഗ്യതാ റൗണ്ടിലും അര്‍ജന്റീന ബ്രസീലിനെ തോല്‍പ്പിച്ചിരുന്നു. അന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. നിക്കോളാസ് ഓട്ടമെന്ഡിയുടെ ഗോളാണ് അര്‍ജന്റീനയ്ക്ക് ജയമൊരുക്കിയത്. ചേട്ടന്മാര്‍ക്ക് പിന്നാലെ അനിയന്മാരും ബ്രസീലിനെ പഞ്ഞിക്കിട്ടു.