ജയ്പൂർ: നവംബർ 25ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ രാജസ്ഥാനിൽ പെട്രോൾ വില 11.80 രൂപയെങ്കിലും കുറയുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. ശനിയാഴ്ച സംസ്ഥാന തലസ്ഥാനമായ ജയ്പൂരിൽ ഒരു തിരഞ്ഞെടുപ്പ് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്ര പെട്രോളിയം മന്ത്രി.
“രാജസ്ഥാനിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് എന്ത് മാറ്റമുണ്ടാകുമെന്ന് എന്നോട് ചോദിക്കുന്നു. ഒന്നാമതായി, ഇവിടെ ബിജെപി സർക്കാർ രൂപീകരിക്കാൻ പോവുകയാണെന്ന് എനിക്ക് ഉറപ്പുണ്ട്. അധികാരത്തിൽ വന്നാൽ, രാജസ്ഥാനിൽ പെട്രോൾ വില രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളതിന് തുല്യമാക്കാൻ വേണ്ടി ഞങ്ങൾ പ്രവർത്തിക്കും (പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒഴികെ). ഞങ്ങൾ തിരഞ്ഞെടുക്കപ്പെട്ടാൽ രാജസ്ഥാനിൽ പെട്രോളിന് ലിറ്ററിന് 11.80 രൂപയെങ്കിലും കുറയും’’. - ഹർദീപ് സിങ് പുരി പറഞ്ഞു.
കോൺഗ്രസ് സർക്കാർ ഏർപ്പെടുത്തിയ അധിക സെസ് കാരണം രാജ്യത്ത് ഏറ്റവും ഉയർന്ന പെട്രോൾ വിലയുള്ളത് രാജസ്ഥാനിലാണ് പുരി ആരോപിച്ചു. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ കഴിഞ്ഞ രണ്ട് വർഷമായി പെട്രോളിനും ഡീസലിനും അധിക ലെവിയിൽ നിന്ന് 35,975 കോടി രൂപ സമാഹരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വാശിയേറിയ പ്രചാരണമാണ് കോൺഗ്രസും ബി.ജെ.പിയും രാജസ്ഥാനത്തിൽ നടത്തുന്നത്. കോൺഗ്രസിനു വേണ്ടി രാഹുൽ ഗാന്ധി ഇന്ന് പ്രചാരണത്തിന് നേതൃത്വം നൽകും. നേരത്തെ ഒരു തവണ മാത്രമാണ് രാഹുൽ ഗാന്ധി സംസ്ഥാനത്തെത്തിയത്. അശോക് ഗെഹ്ലോട്ട് സർക്കാരിന്റെ ക്ഷേമപദ്ധതികളും ജാതി സെൻസസ് വിഷയവു ഉയർത്തിയാണ് കോൺഗ്രസ് പ്രചാരണം ശക്തമാക്കുന്നത്.