കാർവാർ: ഫോണ്‍ ചാര്‍ജ് ചെയ്തതിന് ശേഷം സ്വിച്ച് ഓഫ് ചെയ്യാന്‍ വീട്ടുകാർ മറന്നതോടെ എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ഷോക്കേറ്റ് ദാരുണാന്ത്യം. കര്‍ണാടകയിലെ കൈര്‍വാറ്‍ സ്വദേശിയായ സന്ധ്യ എന്ന എട്ട് മാസം പ്രായം മാത്രമുള്ള പെണ്‍കുഞ്ഞാണ് സ്വിച്ച് ഓഫ് ചെയ്യാതിരുന്ന മൊബൈല്‍ ചാര്‍ജര്‍ കേബിളില്‍ കടിച്ചതിന് പിന്നാലെ ഷോക്കേറ്റ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം.
കാര്‍വാറില സിദ്ദാര്‍ ഗ്രാമത്തിലായിരുന്നു ദാരുണ സംഭവം നടന്നത്. ഹുബ്ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയിലെ താല്‍ക്കാലിക ജീവനക്കാരനായ സന്തോഷ് കാല്‍ഗുട്ടറിന്‍റെയും സഞ്ജന കാല്‍ഗുട്ടറിന്‍റെയും ഇളയ മകളാണ് മരിച്ചത്. ചാര്‍ജര്‍ പിന്‍ വായിലിട്ട കുഞ്ഞിന് ഒന്നിലേറെ തവണ ഷോക്കേറ്റതായാണ് റിപ്പോര്‍ട്ട്. പെട്ടന്ന് തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരു മകളുടെ പിറന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് അപകടമുണ്ടായത്. രാവിലെ വീട്ടില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. സഞ്ജന ടോര്‍ച്ച് എടുക്കാനായി പോയ സമയത്ത് കുട്ടി കിടപ്പുമുറിയില്‍ ഒറ്റയ്ക്കായിരുന്നു. ഈ സമയത്ത് കറന്‍റ് വരികയായിരുന്നു.
വലിഞ്ഞ് നീങ്ങുന്നതിനിടെ ചാര്‍ജര്‍ കേബിള്‍ കുട്ടിയുടെ കയ്യില്‍ തടയുകയായിരുന്നു. വിവരമറിഞ്ഞ സന്തോഷ് ജോലി സ്ഥലത്ത് തളര്‍ന്ന് വീണ് ചികിത്സയിലാണ്. സംഭവത്തില്‍ കാര്‍വാര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തമിഴ് നടന്‍ സൂര്യയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ ഫ്ലെക്സ് സ്ഥാപിക്കുന്നതിനിടെ രണ്ട് യുവാക്കള്‍ ഷോക്കേറ്റ് മരിച്ചിരുന്നു. എൻ.വെങ്കടേഷ്, പി.സായി എന്നിവരാണ് മരിച്ചത്. ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥികളായിരുന്നു ഇരുവരും.