44 കാരിയായ അമേരിക്കൻ യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു രണ്ടുപേർ കസ്റ്റഡിയിൽ

 



കൊല്ലം: കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ പീഡിപ്പിച്ചു. വള്ളിക്കാവ് അമൃതപുരിയിൽ എത്തിയ അമേരിക്കയിൽ നിന്നുള്ള 44 കാരിയാണ് പീഡനത്തിന് ഇരയായത്. മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിലായിട്ടുണ്ട്. ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവരാണ് പിടിയിലായത്. മദ്യം നൽകി ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷമായിരുന്നു പീഡനം. കരുനാഗപ്പള്ളി പോലീസാണ് പ്രതികളെ പിടികൂടിയത്.

ചെറിയഴിക്കൽ പന്നിശ്ശേരിൽ നിഖിൽ (28), ചെറിയഴിക്കൽ അരയശേരിൽ  ജയൻ എന്നിവർ ചേർന്നാണ് പരാതിക്കാരിയെ പീഡിപ്പിച്ചത്. രണ്ടുദിവസം മുമ്പ് പകൽ സമയത്താണ് സംഭവം നടന്നത്. ആശ്രമത്തിനു സമീപമുള്ള ബീച്ചിൽ ഇരിക്കുകയായിരുന്ന സ്ത്രീയുടെ സമീപത്തെത്തിയ പ്രതികൾ, സൗഹൃദം സ്ഥാപിച്ച ശേഷം സിഗരറ്റ് നൽകി. വേണ്ടെന്ന് പറഞ്ഞപ്പോൾ മദ്യക്കുപ്പി കാട്ടി മദ്യം തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഒരു ബൈക്കിൽ കയറ്റുകയായിരുന്നു.

പിന്നീട് ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി മദ്യം നൽകിയ ശേഷമാണ് പീഡിപ്പിച്ചത്. അമിതമായ മദ്യം കഴിച്ചതിനാൽ ഇവർക്ക് ബോധം നഷ്ടപ്പെട്ടു പോയിരുന്നു. പിന്നീട് ആശ്രമത്തിലെത്തിയ സ്ത്രീ ഇവിടുത്തെ അധികൃതരോട് പീഡിപ്പിക്കപ്പെട്ട വിവരം പറയുകയായിരുന്നു. ആശ്രമം അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. കരുനാഗപ്പള്ളി പൊലീസ് സ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.