ന്യൂഡൽഹി: സാമ്പത്തിക വർഷത്തിന്റെ അവസാനം എയർ ഇന്ത്യയുടെ നഷ്ടം 14,000 കോടിയായിരിക്കുമെന്ന് റിപ്പോർട്ട്. ഇതിൽ പഴയ എൻജിനുകൾ ഒഴിവാക്കിയതിലൂടെയുണ്ടായ നഷ്ടവും ഉൾപ്പെടുന്നു. ടാറ്റ സൺസ് 13,000 കോടിയാണ് എയർ ഇന്ത്യയിൽ നിക്ഷേപിച്ചത്. എന്നാൽ, ഇതിൽ 470 പുതിയ വിമാനങ്ങൾ വാങ്ങാനായി വിനിയോഗിച്ച പണം ഉൾപ്പെടുന്നില്ല. ഇക്കണോമിക് ടൈംസാണ് എയർ ഇന്ത്യയിലെ കണക്കുകൾ പുറത്ത് വിട്ടത്.
30 ബില്യൺ ഡോളറാണ് പുതിയ വിമാനങ്ങൾ വാങ്ങാനായി കമ്പനി മുടക്കുന്നതെന്നാണ് സൂചന. ഈ തുക ഗഡുക്കളായി എയർ ഇന്ത്യ വിമാന കമ്പനികൾക്ക് നൽകുമെന്നാണ് റിപ്പോർട്ട്.സുരക്ഷക്കും ഉപഭോക്താക്കളും സംതൃപ്തിക്കുമാണ് പ്രാധാന്യം നൽകേണ്ടതെന്നും അത് കഴിഞ്ഞാണ് ലാഭകണക്കുകൾ പരിഗണിക്കേണ്ടതെന്നും ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്.
യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സി.എഫ്.എം ഇന്റർനാഷണലിൽ നിന്ന് 400 എയർക്രാഫ്റ്റ് എൻജിനുകൾ വാങ്ങാൻ ഈ ജൂലൈയിൽ എയർ ഇന്ത്യ കരാറൊപ്പിട്ടിരുന്നു. ഫെബ്രുവരിയിലാണ് കമ്പനി ഇടപാട് പ്രഖ്യാപിച്ചത്.