ഹരാരെ: സിംബാബ്‌വേ ക്രിക്കറ്റ് ലീഗായ 'സിം ആഫ്രോ ടി10'ൽ തകർത്താടി മുൻ ഇന്ത്യൻ ഓൾറൗണ്ടർ യൂസുഫ് പത്താൻ. മുൻ പാകിസ്താൻ പേസർ മുഹമ്മദ് ആമിർ ഉൾപ്പെടെയുള്ള ബൗളിങ്‌നിരയെ തുടരെ ഗാലറിയിലേക്ക് പറത്തിയാണ് ജോഹന്നാസ്ബർഗ് ബഫലോസിനെ താരം ഫൈനലിലേക്കു നയിച്ചത്. ലീഗിലെ ആദ്യ ക്വാളിഫയർ പോരാട്ടത്തിൽ വെറും 26 പന്തിൽ 80 റൺസാണ് താരം അടിച്ചെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ഡർബൻ ഖലന്ദേഴ്‌സ് ആൻഡ്രെ ഫ്‌ളച്ചറുടെയും ആസിഫ് അലിയുടെയും നിക്ക് വെൽഷിൻരെയും വെടിക്കെട്ട് ബാറ്റിങ് കരുത്തിൽ 140 എന്ന കൂറ്റൻ സ്‌കോറാണ് ജോബർഗിനെതിരെ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ മുഹമ്മദ് ഹഫീസിന്റെ കാമിയോയ്ക്കു ശേഷം ജോഹന്നാസ് ബർഗ് പതറി.
ഒടുവിൽ, ജയിക്കാൻ 18 പന്തിൽ 64 റൺസ് വേണ്ട സമയത്താണ് യൂസുഫ് കളിയുടെ ഗിയർ മാറ്റിക്കളഞ്ഞത്. നിർണായകമായ എട്ടാം ഓവർ എറിയാനെത്തിയത് മുഹമ്മദ് ആമിർ. ആദ്യ പന്തു തന്നെ ഗാലറിയിലേക്ക് പറത്തി യൂസുഫ് പത്താൻ വരാൻ പോകുന്ന ബാറ്റിങ് വിസ്‌ഫോടനത്തിന്റെ ആദ്യ സൂചന നൽകി. അടുത്ത പന്തും ഗാലറിയിലേക്ക്. അടുത്തത് ഡോട്ട് ബൗൾ. വീണ്ടും സിക്‌സർ, വൈഡ്, രണ്ട് റൺസ്, ഫോർ.. ഒരൊറ്റ ഓവറിൽ 25 റൺസ് അടിച്ചെടുത്ത് പത്താൻ കളിയുടെ ഗതി തന്നെ മാറ്റി.
എന്നാൽ, അവിടെയും അവസാനിച്ചില്ല ആക്രമണം. സിംബാബ്‌വേ താരം ബ്രാഡ് ഇവാൻസ് ആയിരുന്നു അടുത്ത ഇര. രണ്ട് സിക്‌സറും ഒരു ഫോറും പറത്തി ഒൻപതാം ഓവറിലും അടിച്ചുപറത്തി പത്താൻ. ഓവറിൽ നേടിയത് 19 റൺസ്.
അവസാന ഓവറിൽ 20 റൺസ് ആയിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. സ്‌ട്രൈക്കിൽ മുഷ്ഫിഖുറഹീം. ആദ്യ പന്തിൽ തന്നെ മുഷ്ഫിഖ് പത്താൻ സ്‌ട്രൈക്ക് കൈമാറി. പിന്നെ കണ്ടത് പൊടിപൂരമായിരുന്നു. 6, 4, 6, 4.. ഒരു പന്ത് ബാക്കിനിൽക്കെ ടീമിനെ വിജയതീരത്തേക്കു നയിച്ചു യൂസുഫ് പത്താൻ. 26 പന്ത് നേരിട്ട് എട്ട് സിക്‌സറും അഞ്ച് ഫോറും സഹിതം 80 റൺസെടുത്ത് കളിയിലെ താരവുമായി യൂസുഫ്.