ആഭിചാരവും ജിന്ന് ചികിത്സയും യുഎയിൽ 7 പേർക്ക് തടവും പിഴയും വിധിച്ചു

 



യു.എ.ഇയില്‍ ദുര്‍മന്ത്രവാദവും ജിന്ന് ചികിൽസയും നടത്തി പണം തട്ടാൻ ശ്രമിച്ച ഏഴ് പേര്‍ക്ക് കോടതി ആറ് മാസം തടവും അമ്പതിനായിരം ദിർഹം പിഴയും വിധിച്ചു. തട്ടിപ്പിന്റെ ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷനാണ് മന്ത്രവാദികൾക്കെതിരെ നടപടി സ്വീകരിച്ചത്. രോഗം സുഖപ്പെടുത്താൻ കഴിയുന്ന 400 വർഷത്തിലേറെ പഴക്കമുള്ള ജിന്ന് തങ്ങൾക്കൊപ്പമുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. 

ജിന്നുകളിലെ രാജാവാണ് തന്നിൽ കുടികൊള്ളുന്നതെന്നും, അതിനാൽ രോഗം സുഖപ്പെടുത്താൻ ദൈവം തന്നെ പ്രത്യേകം നിയോഗിച്ചിരിക്കുകയായിരുന്നുവെന്നും സംഘത്തിലൊരാൾ അവകാശപ്പെട്ടിരുന്നതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. ഇവരെ കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആഭിചാരക്രിയക്ക് ഉപയോഗിക്കുന്ന വസ്തുക്കളടക്കം പ്രോസിക്യൂഷൻ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി.

ദുർമന്ത്രവാദം, വഞ്ചന, ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ കൈവശം വെക്കൽ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഏഴ് പേരെയും കോടതിയില്‍ ഹാജരാക്കിയത്. യു.എ.ഇയില്‍ ആഭിചാരവും തട്ടിപ്പും കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.