ത്വാഇഫിൽ വാഹനാപകടത്തിൽ കുടുംബത്തിലെ ആറ് സഹോദരങ്ങളടക്കം ഏഴുപേർ മരിച്ചു

 


ത്വാഇഫ്: വാഹനാപകടത്തിൽ കുടുംബത്തിലെ ആറ് സഹോദരങ്ങളടക്കം ഏഴുപേർ മരിച്ചു. ത്വാഇഫിനെയും അൽബഹയെയും ബന്ധിപ്പിക്കുന്ന റോഡിലാണ് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചത്. ഇതിലൊന്നിൽ സഞ്ചരിച്ച കുടുംബാംഗങ്ങളും ഡ്രൈവറുമാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മാതാപിതാക്കളും മൂന്ന് സഹോദരങ്ങളും ഗുരുതര പരിക്കുകളോടെ ത്വാഇഫിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി, കിങ് അബ്ദുൽ അസീസ് സ്പെഷലിസ്റ്റ് ആശുപത്രി, പ്രിൻസ് സുൽത്താൻ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. നാല് വയസ്സുകാരി പരിക്കില്ലാതെ രക്ഷപ്പെട്ടു. 

മദീനയിൽനിന്ന് അൽബഹയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് മരിച്ചയാളുടെ സഹോദരൻ മുഹമ്മദ് സാലിം അൽഗാംദി പ്രാദേശിക പത്രങ്ങളോട് പറഞ്ഞു. മരിച്ച സഹോദരങ്ങളിൽ മൂത്തയാൾക്ക് 17 വയസ്സും ഇളയവന് രണ്ടര വയസ്സുമാണ് പ്രായം. മരിച്ച ആറ് സഹോദരങ്ങളെയും ത്വാഇഫിൽ ഖബറടക്കിയതായി മുഹമ്മദ് സാലിം അൽഗാംദി പറഞ്ഞു.