മുംബൈ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് പരാതി നൽകിയ യുവതിയെ വെടിവെച്ചു കൊന്നു.സംഭവത്തിൽ ബന്ധുക്കളായ പിതാവും മകനും അറസ്റ്റിലായി. ശനിയാഴ്ച മാൻഖുർദിലെ ഇന്ദിരാ നഗറിലാണ് സംഭവം.
31 കാരിയായ ഫർസാന ഷെയ്ഖാണ് കൊല്ലപ്പെട്ടത്. സോനു സിംഗ്, മകൻ അതിഖ് സിംഗ് (25) എന്നിവരാണ് പിടിയിലായത്. അതിഖ് സിംഗിന്റെ ഭാര്യ ഒളിവിലാണ്. പ്രതികളുടെ ബന്ധുവായ ആദിത്യ ഫർസാനയുടെ മകളെ പീഡിപ്പിച്ചെന്നാണ് പരാതി. കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പൊലീസ് നടപടിയെടുത്തിരുന്നില്ല. കേസിന്റെ സ്ഥിതി എന്താണെന്ന് അന്വേഷിക്കാൻ യുവതി വീണ്ടും പൊലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു. ഇതോടെ ആദിത്യയെ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന്ഭയന്നാണ് പ്രതികളായ സോനുവും മകനും കൊല്ലപ്പെട്ട യുവതിയുടെ വീട്ടിലെത്തി വെടിവെച്ചു കൊല്ലുന്നത്.
തുടർന്ന് ഇരുവരും ഒളിവിൽ പോയി. 10 പ്രത്യേക സംഘങ്ങളെ രൂപീകരിച്ചായിരുന്നു പൊലീസ് പരിശോധന നടത്തിയത്. ഒടുവിൽ രത്നഗിരിയിൽ നിന്നാണ് പ്രതികൾ അറസ്റ്റിലായത്. കുറ്റകൃത്യം നടന്ന് 15 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയെന്ന് പൊലീസ് അവകാശപ്പെട്ടു.
എന്നാല്‍ കൊല്ലപ്പെട്ട യുവതിയുടെ പരാതിയില്‍ പൊലീസ് ഇനിയും നടപടിയെടുത്തിട്ടില്ല. പരാതിയില്‍ പറയുന്ന ആദിത്യക്കും കുടുംബത്തിനുമെതിരെ മോഷണം, കൊലപാതകശ്രമം, ആക്രമണം തുടങ്ങിയവക്കെതിരെ നേരത്തെയും കേസുകളുണ്ട്. എന്നാൽ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.