ബോട്ടുടമ നാസർ ഒളിവിൽ വാഹനം പോലീസ് പിടിച്ചെടുത്തു

 


കൊച്ചി: 22 പേർ മരിച്ച ദുരന്തത്തിനിടയാക്കിയ ബോട്ടിന്‍റെ ഉടമ ഒളിവിൽ കഴിയുന്ന നാസറിന്‍റെ വാഹനം കൊച്ചിയിൽ പിടികൂടി. വാഹനപരിശോധനക്കിടെയാണ് വാഹനം കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന നാസറിന്‍റെ ബന്ധുക്കളെയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.

കസ്റ്റഡിയിലെടുത്തവരെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. നാസർ ഇപ്പോഴും ഒളിവിലാണ്. താനൂർ പൊലീസ് സ്റ്റേഷന് തൊട്ടടുത്തായാണ് നാസറിന്‍റെ വീട്.

തൂവൽതീരത്ത് അപകടമുണ്ടാക്കിയ ബോട്ട് യാത്ര ആരംഭിക്കുന്ന ജെട്ടിയിൽ കെട്ടിയുണ്ടാക്കിയ മരം കൊണ്ടുള്ള നടപ്പാതക്ക് ഇന്ന് രാവിലെ അജ്ഞാതർ തീയിട്ടിരുന്നു. മത്സ്യബന്ധന ബോട്ട് യാത്രാ ബോട്ടായി രൂപമാറ്റം വരുത്തിയാണ് വിനോദസഞ്ചാരികളെ കയറ്റി സവാരി നടത്തിയിരുന്നത്. 

ബോട്ടപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകും. ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.