ബെംഗളൂരു: കർണാടകയിലെ ഹിജാബ്, ഹലാൽ വിവാദങ്ങൾ അനാവശ്യമായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പ. ഇതെല്ലാം ആവശ്യമില്ലാത്ത വിഷയങ്ങളായിരുന്നു. ഇത്തരം വിവാദങ്ങളെ താൻ പിന്തുണയ്ക്കില്ല. ഹിന്ദുക്കളും മുസ്ലിംങ്ങളും സഹോദരന്മാരെ പോലെ ജീവിക്കണമെന്നും യെദ്യൂരപ്പ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് യെദ്യൂരപ്പയുടെ പ്രതികരണം.
'ഹിന്ദുക്കളും മുസ്ലിംങ്ങളും സഹോദരന്മാരെപ്പോലെ ജീവിക്കണം. ഹിജാബ്, ഹലാൽ വിവാദങ്ങൾ ആവശ്യമില്ലാത്ത വിഷയങ്ങളായിരുന്നു. ഞാന്‍ അത്തരം വിവാദങ്ങളെ പിന്തുണയ്ക്കില്ല. ഹിന്ദുക്കളും മുസ്ലിംങ്ങളും സഹോദരങ്ങളെ പോലെ ജീവിക്കണമെന്നാണ് എന്റെ നിലപാട്. തുടക്കം മുതല്‍ ഈ നിലപാടാണ് ഞാന്‍ സ്വീകരിച്ചത്,' ബി എസ് യെദ്യൂരപ്പ പറഞ്ഞു.
ബിജെപിയിലെ ഗ്രൂപ്പിസവും വിമത നീക്കവും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. ചില മണ്ഡലങ്ങളിൽ വിമതർ ചെറിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അത് പക്ഷേ പാർട്ടിയെ ബാധിക്കില്ല. ബിജെപിക്ക് കർണാടകയിൽ കേവല ഭൂരിപക്ഷമുണ്ടാകുമെന്നും ബി എസ് യെദ്യൂരപ്പ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി മോദിയുടെ ജനപ്രീതിയും അദ്ദേഹത്തിന്റെ ക്ഷേമ പദ്ധതികളും ബൊമ്മൈ സര്‍ക്കാരിന്റെ നടപടികളും മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം സ്വീകരിച്ച സാമൂഹ്യക്ഷേമ പദ്ധതികളുമാണ് ബിജെപിക്ക് കേവല ഭൂരിപക്ഷം നൽകുകയെന്നും യെദ്യൂരപ്പ അവകാശപ്പെട്ടു. ശിക്കാരിപുരയില ബിജെപി സ്ഥാനാർത്ഥിയായി മകൻ ബി വൈ വിജയേന്ദ്രയെ തന്റെ പിൻഗാമിയാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു.
മുസ്ലിം സംഘടനകളുടെ പരിപാടിയിൽ ക്ഷണം ലഭിച്ചിട്ടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പങ്കെടുക്കാത്തതിനേയും യെദ്യൂരപ്പ വിമർശിച്ചു. താൻ ക്രിസ്ത്യൻ, മുസ്ലിം ചടങ്ങുകൾക്ക് പോകാറുണ്ടായിരുന്നു. ബസവരാജ് ബൊമ്മയും പോകാറുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തെ ക്ഷണിച്ചിരുന്നെങ്കില്‍ ഉറപ്പായും പോകേണ്ടതായിരുന്നു. ഇത്തരം പരിപാടികള്‍ക്ക് നമ്മള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ബി എസ് യെദ്യൂരപ്പ പറഞ്ഞു.